നടി ശ്വേത മേനോനെതിരായ അശ്ലീല സിനിമാ കേസ് ഹൈക്കോടതി റദ്ദാക്കി നടപടി വ്യക്തിവിദ്വേഷം മൂലമെന്ന് നിരീക്ഷണം
ശ്വേത മേനോനെതിരായ ഐടി ആക്ട്, ഇമ്മോറൽ ട്രാഫിക് കേസുകൾ ഹൈക്കോടതി റദ്ദാക്കി. സെൻസർ ബോർഡ് അംഗീകരിച്ച സിനിമകളുടെ പേരിൽ കേസ് നിലനിൽക്കില്ലെന്നും സൽപ്പേര് കളങ്കപ്പെടുത്താനാണ് പരാതിയെന്നും ജസ്റ്റിസ് സി.എസ് ഡയസ് വ്യക്തമാക്കി.
ശ്വേത മേനോനെതിരായ അശ്ലീല സിനിമാ കേസ് ഹൈക്കോടതി റദ്ദാക്കി; വ്യക്തിവിദ്വേഷമെന്നും സൽപ്പേര് കളങ്കപ്പെടുത്താനെന്നും കോടതി
കൊച്ചി: സിനിമ അഭിനയിച്ച് അശ്ലീലത പ്രചരിപ്പിച്ചു എന്നാരോപിച്ച് നടി ശ്വേത മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസ് കേരള ഹൈക്കോടതി റദ്ദാക്കി. അമ്മ (AMMA) ഭാരവാഹിയായ ശ്വേതയുടെ സൽപ്പേര് കളങ്കപ്പെടുത്താനും വ്യക്തിപരമായ വിദ്വേഷം തീർക്കാനുമാണ് പരാതി നൽകിയതെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്.
എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഐടി നിയമത്തിലെയും ഇമ്മോറൽ ട്രാഫിക് നിയമത്തിലെയും വകുപ്പുകൾ ചുമത്തിയാണ് ശ്വേതയ്‌ക്കെതിരെ കേസെടുത്തിരുന്നത്. എന്നാൽ, പരാതിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിച്ചാൽ ഇത്തരം കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.
'പാലേരി മാണിക്യം', 'രതിനിർവ്വേദം', 'കളിമണ്ണ്' എന്നീ സിനിമകളിലെയും ഗർഭനിരോധന ഉറയുടെ പരസ്യത്തിലെയും അഭിനയം ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. എന്നാൽ, പാലേരി മാണിക്യത്തിലെ പ്രകടനത്തിന് ശ്വേതയ്ക്ക് സംസ്ഥാന സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ടെന്ന് കോടതി ഓർമ്മിപ്പിച്ചു. പരാതിയിൽ പറയുന്ന എല്ലാ ചിത്രങ്ങൾക്കും സെൻസർ ബോർഡിന്റെ അംഗീകാരം യഥാസമയം ലഭിച്ചിട്ടുള്ളതാണെന്നും കോടതി ചൂണ്ടിക്കാട്ടി.
അമ്മ (AMMA) സംഘടനയുടെ തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അധിക്ഷേപിക്കാനാണ് ഇത്തരം ഒരു നീക്കം നടന്നതെന്ന ശ്വേതയുടെ വാദം കോടതി അംഗീകരിച്ചു. നിലനിൽക്കാത്ത കേസ് ആയിരുന്നിട്ടും എന്തുകൊണ്ടാണ് പോലീസ് റിപ്പോർട്ട് നൽകി കേസ് അവസാനിപ്പിക്കാതിരുന്നതെന്നും ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശമനുസരിച്ചാണ് പോലീസ് കേസ് എടുത്തത്. എന്നാൽ നിയമപരമായി ഈ കേസ് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന് കണ്ട് കോടതി നടപടികൾ റദ്ദാക്കുകയായിരുന്നു.

