പുതിയ അധ്യയന വർഷം സ്കൂൾ പരിസരങ്ങളിൽ കടുത്ത പരിശോധന സംയുക്ത സ്ക്വാഡുകൾ രംഗത്തിറങ്ങും
പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂൾ പരിസരങ്ങളിൽ ലഹരി വിരുദ്ധ പരിശോധനകൾ ശക്തമാക്കാൻ ജില്ലാ പുകയില നിയന്ത്രണ കമ്മിറ്റി തീരുമാനം. കീഴ്മാട് പഞ്ചായത്തിനെ ജില്ലയിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കാനുള്ള നടപടികളും തുടങ്ങി.
പുതിയ അധ്യയന വർഷം: സ്കൂൾ പരിസരങ്ങളിൽ ലഹരിവിരുദ്ധ നിരീക്ഷണം ശക്തമാക്കും; കീഴ്മാട് ആദ്യ പുകയില വിമുക്ത പഞ്ചായത്താകാൻ ഒരുങ്ങുന്നു
കൊച്ചി: പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായി വിദ്യാലയങ്ങളിലും പരിസരങ്ങളിലും പുകയില ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ ഉപയോഗവും വിപണനവും തടയാൻ കർശന നടപടികളുമായി എറണാകുളം ജില്ലാ ഭരണകൂടം. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പുകയില നിയന്ത്രണ കമ്മിറ്റി യോഗത്തിലാണ് ഈ സുപ്രധാന തീരുമാനം. ലഹരി വിപത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമായിരിക്കും വരും ദിവസങ്ങളിൽ സ്വീകരിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.
സ്കൂൾ പരിസരങ്ങളിൽ ജാഗ്രതാ സമിതികളുടെ നിരീക്ഷണം ശക്തമാക്കുന്നതിനൊപ്പം എൻഫോഴ്സ്മെൻ്റ് ഡ്രൈവുകൾ ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇതിനായി ആരോഗ്യ വകുപ്പ്, പോലീസ്, എക്സൈസ്, ഫുഡ് സേഫ്റ്റി വകുപ്പുകൾ സംയുക്തമായി പ്രത്യേക പരിശോധനകൾ നടത്തും. മെയ് 31 മുതൽ ജൂൺ 26 വരെയുള്ള കാലയളവിൽ ജില്ലയിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് വിപുലമായ ബോധവത്കരണ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. എല്ലാ വിദ്യാലയങ്ങളെയും പുകയില രഹിതമായി പ്രഖ്യാപിക്കാനുള്ള നടപടികൾ വേഗത്തിലാക്കും. ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാനായി എല്ലാ സ്കൂളുകളിലും ഹെൽപ്പ് ലൈൻ നമ്പറുകൾ നിർബന്ധമായും പ്രദർശിപ്പിക്കും.
യോഗത്തിൽ ആരോഗ്യം, പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും എൻ.സി.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി ജില്ലാ കോ ഓഡിനേറ്റർമാരും പങ്കെടുത്തു. കൂടാതെ കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറൻ്റ്സ് അസോസിയേഷൻ, കേരള വളണ്ടിയർ ഹെൽത്ത് സയൻസ് എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തിന്റെ ഭാഗമായി.
കീഴ്മാട് ചരിത്ര നേട്ടത്തിലേക്ക്
ജില്ലയിലെ ആദ്യത്തെ പുകയില വിമുക്ത പഞ്ചായത്താകാനുള്ള ഒരുക്കത്തിലാണ് കീഴ്മാട് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ആദ്യഘട്ടമെന്നോണം പഞ്ചായത്തിലെ മുഴുവൻ കലാലയങ്ങളും ഇതിനകം തന്നെ പുകയിലരഹിതമായി പ്രഖ്യാപിച്ചുകഴിഞ്ഞു.
ജൂൺ ഒന്നിന് ഹരിതകർമ്മസേന മുഖേന പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പുകയില വിരുദ്ധ ബോധവൽക്കരണ നോട്ടീസുകൾ എത്തിക്കും. എല്ലാ സർക്കാർ ഓഫീസുകളിലും വ്യാപാര സ്ഥാപനങ്ങളിലും പുകയില വിരുദ്ധ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശമുണ്ട്. 'പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതല്ല' എന്ന മുന്നറിയിപ്പ് ബോർഡ് എല്ലാ കടകളിലും നിർബന്ധമാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു.