മത്സ്യത്തൊഴിലാളികളുടെ മക്കൾക്കായി പ്രത്യേക പദ്ധതികൾ ഫിഷറീസ് സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയം ആരംഭിക്കുമെന്ന് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍
കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ, കായിക പുരോഗതിക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കുമെന്ന് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍. ഫിഷറീസ് സ്കൂളുകളിൽ ഇംഗ്ലീഷ് മീഡിയവും സർഫിംഗ് സ്കൂളുകളും ഉടൻ ആരംഭിക്കും.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വികസനത്തിന് പ്രത്യേക പദ്ധതികൾ: മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും സമഗ്ര വികസനത്തിനുമായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പാക്കിവരികയാണെന്ന് മത്സ്യബന്ധന, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, സാമൂഹിക നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുള്‍ ഗഫൂര്‍. ഫിഷറീസ് വകുപ്പിന്റെയും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും ആഭിമുഖ്യത്തിൽ വെട്ടുകാട് പാരീഷ് ഹാളിൽ സംഘടിപ്പിച്ച ‘നക്ഷത്രത്തിളക്കം’ വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഫിഷറീസ് വകുപ്പിന് കീഴിലുള്ള പത്ത് സ്‌കൂളുകളിലെ പ്രൈമറി ക്ലാസ്സുകളിൽ ഉടൻ തന്നെ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. കായിക മേഖലയ്ക്ക് കരുത്തുപകരാൻ സംസ്ഥാനത്തെ മൂന്ന് കേന്ദ്രങ്ങളിലായി സർഫിംഗ് സ്‌കൂളുകൾ തുടങ്ങും. ഇതിന് പുറമെ, തീരദേശമേഖലയിലെ 130 വിദ്യാർത്ഥികൾക്ക് 1,25,000 രൂപ വീതം ധനസഹായം നൽകി മെഡിക്കൽ-എൻജിനീയറിംഗ് എൻട്രൻസ് പരിശീലനം ലഭ്യമാക്കുമെന്നും കായിക മേഖലയിൽ കുട്ടികൾക്ക് മികച്ച പ്രോത്സാഹനം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചടങ്ങിൽ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി സി.പി ജോണ്‍, കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പുരോഗതിയും മാറ്റവും പ്രകടമാകുന്നത് തീരപ്രദേശങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടി. ഇവിടുത്തെ കുട്ടികൾ മറ്റേത് മേഖലയിലുള്ളവരേക്കാളും അതിവേഗത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തീരപ്രദേശത്തെ വിദ്യാർത്ഥികൾ ലോകത്തിന് മുന്നിൽ നക്ഷത്രത്തിളക്കത്തോടെ വളർന്നു വരുമ്പോൾ കേരള സർക്കാർ അവർക്കൊപ്പം എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
2025-26 അധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.സി, ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ തലങ്ങളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും, കായിക മത്സരങ്ങളില്‍ ദേശീയ-സംസ്ഥാന തലങ്ങളില്‍ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുമുള്ള പ്രോത്സാഹന അവാര്‍ഡുകളാണ് ചടങ്ങില്‍ വിതരണം ചെയ്തത്.
മത്സ്യബന്ധന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അബ്ദുള്‍ നാസര്‍ ബി, മത്സ്യ ബോർഡ് കമ്മീഷണർ സലിം എച്ച്, ഫിഷറീസ് അഡി.ഡയറക്ടർ സ്മിത ആർ.നായർ, വിവിധ വാർഡ് കൗൺസിലർമാർ, വെട്ടുകാട് ഇടവക വികാരി ഫാ. ഷാജു വില്യം എന്നിവരും ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളും രക്ഷകർത്താക്കളും ഉൾപ്പെടെ വൻ ജനപങ്കാളിത്തത്തോടെയാണ് അവാർഡ് വിതരണം നടന്നത്.

