കോടതിയെ പറ്റിച്ച ഭർത്താവിന് പണി കിട്ടി 20 വർഷത്തെ പോരാട്ടം, ഒടുവിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം
യുകെയിൽ ശ്രദ്ധേയമായ വിവാഹമോചനക്കേസിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹ്‌ലിക്ക് 85 കോടി രൂപ (6.6 ദശലക്ഷം പൗണ്ട്) നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. ഭർത്താവ് ഒളിപ്പിച്ച സ്വത്തുക്കൾ കണ്ടെത്തിയതിനെത്തുടർന്നാണ് വിധി
രണ്ടു പതിറ്റാണ്ട് നീണ്ട നിയമപോരാട്ടം: ലണ്ടനിൽ ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ വിവാഹമോചന നഷ്ടപരിഹാരം
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ യുകെയിലെ ശ്രദ്ധേയമായ വിവാഹമോചനക്കേസിൽ ഇന്ത്യൻ വംശജയായ വനിതയ്ക്ക് വൻ വിജയം. മുൻഭർത്താവ് കോടതിയിൽ നിന്നും ഒളിപ്പിച്ചുവെച്ച സ്വത്തുക്കൾ കണ്ടെത്തിയതിനെത്തുടർന്ന്, 85 കോടി രൂപയോളം (6.6 ദശലക്ഷം പൗണ്ട്) മുൻഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാൻ യുകെ സുപ്രീംകോടതി ഉത്തരവിട്ടു. ഇന്ത്യൻ വംശജയായ വർഷ ഗോഹ്‌ലിയാണ് ഈ ചരിത്രപരമായ നിയമപോരാട്ടത്തിൽ വിജയം വരിച്ചത്.
ഭർത്താവ് ഭദ്രേഷ് ഗോഹ്‌ലിക്ക് പരസ്ത്രീ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി മൂന്ന് കുട്ടികളുടെ അമ്മയായ വർഷ 2002 ലാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിക്കുന്നത്. അക്കാലത്ത് ഏകദേശം മൂന്നരക്കോടി രൂപയും അവർ ഉപയോഗിച്ചിരുന്ന കാറും നൽകി ഭദ്രേഷ് കേസ് ഒത്തുതീർപ്പാക്കിയിരുന്നു. തന്റെ ആകെ ആസ്തി ഇത്രമാത്രമേയുള്ളൂ എന്നാണ് ഭദ്രേഷ് അന്ന് കോടതിയെ ധരിപ്പിച്ചിരുന്നത്.
എന്നാൽ, ഭദ്രേഷ് തന്റെ യഥാർത്ഥ ആസ്തി വിവരങ്ങൾ മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന് വർഷ പിന്നീട് കണ്ടെത്തി. ഇതിനിടയിൽ 2011-ൽ വൻ സാമ്പത്തിക തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ഭദ്രേഷിന് കോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചു. ഈ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് പ്രൊസിക്യൂഷൻ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഭദ്രേഷിന് കോടിക്കണക്കിന് രൂപയുടെ രഹസ്യ ആസ്തികളുള്ള വിവരം പുറത്തുവരുന്നത്. ഭദ്രേഷ് രഹസ്യമായി സൂക്ഷിച്ചിരുന്ന 28 ദശലക്ഷം പൗണ്ടിന്റെ സ്വത്തുക്കൾ പ്രൊസിക്യൂട്ടർമാർ മരവിപ്പിച്ചു.
തങ്ങളെ വഞ്ചിച്ചുകൊണ്ട് ഭർത്താവ് ഒളിപ്പിച്ചുവെച്ച സ്വത്തിൽ തനിക്കും മക്കൾക്കും അർഹതപ്പെട്ട വിഹിതം ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വർഷ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 2015-ൽ കേസ് യുകെ സുപ്രീംകോടതിയിലെത്തി. കണ്ടെത്തിയ സ്വത്തുക്കൾ മുഴുവൻ തന്റേതല്ലെന്ന വാദവുമായി ഭദ്രേഷ് കോടതിയെ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കോടതി അത് തള്ളി.
ഭദ്രേഷിന്റെ സാമ്പത്തിക ഇടപാടുകൾ ഒട്ടും സുതാര്യമല്ലായിരുന്നുവെന്നും സത്യസന്ധതയുടെ ഒരംശം പോലും അയാളുടെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ഒടുവിൽ, മറച്ചുവെച്ച സ്വത്തിൽ നിന്നും 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) വർഷയ്ക്ക് കൈമാറാൻ ഉത്തരവിട്ട കോടതി, വർഷങ്ങൾ നീണ്ട ഈ വിവാഹമോചനക്കേസ് ഔദ്യോഗികമായി അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു.