വർഷങ്ങളായി പൂട്ടിക്കിടന്ന പിണവൂർകുടിയിലെ ഹോസ്റ്റൽ ഇനി ആൺകുട്ടികൾക്ക് ആശ്രയമാകും
പിണവൂർകുടിയിൽ വർഷങ്ങളായി പൂട്ടിക്കിടന്ന ലേഡീസ് ഹോസ്റ്റൽ ഇനി ആൺകുട്ടികൾക്ക് ആശ്രയമാകും; ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ ശാപമോക്ഷം
പിണവൂർകുടിയിൽ അടഞ്ഞുകിടന്ന ലേഡീസ് ഹോസ്റ്റൽ ഇനി ആൺകുട്ടികൾക്ക് ആശ്രയമാകും; ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ ശാപമോക്ഷം
കോതമംഗലം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ബോയ്സ് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടലിൽ താൽക്കാലിക ആശ്വാസം. വർഷങ്ങളായി പൂട്ടിപ്പൂടിക്കിടന്ന പിണവൂർകുടിയിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടം ഇനി മുതൽ ബോയ്സ് ഹോസ്റ്റലായി പ്രവർത്തിക്കും. നിലവിലെ ബോയ്സ് ഹോസ്റ്റൽ കെട്ടിടത്തിന് ഫിറ്റ്നസ് നഷ്ടപ്പെട്ടതോടെയാണ് വിദ്യാർത്ഥികളെ അടിയന്തരമായി ഇങ്ങോട്ട് മാറ്റാൻ എറണാകുളം ജില്ലാ പഞ്ചായത്ത് തീരുമാനിച്ചത്.
സ്കൂൾ ആവശ്യത്തിനായി ആദിവാസി സമുദായാംഗങ്ങൾ വിട്ടുനൽകിയ 50 സെന്റ് സ്ഥലത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 2002-ൽ നിർമ്മാണം ആരംഭിച്ച കെട്ടിടം, 2010-15 കാലയളവിൽ മുൻ എംഎൽഎ ടി.യു. കുരുവിളയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കിയത്. എന്നാൽ പട്ടികജാതി വികസന വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഈ കെട്ടിടം പണി കഴിഞ്ഞിട്ടും തുറക്കാതിരുന്നതോടെ കാടുകയറി നശിക്കുകയായിരുന്നു. പഴയ ഹോസ്റ്റലിന്റെ സ്ഥാനത്ത് പുതിയ കെട്ടിടം വരും വരെയാണ് ഈ താൽക്കാലിക ക്രമീകരണം.
എറണാകുളം ജില്ലാ പഞ്ചായത്ത്, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത്, കോതമംഗലം എം.എ. കോളേജ് എന്നിവർ സംയുക്തമായാണ് നിലവിൽ കെട്ടിടത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഹോസ്റ്റലിന്റെ ചുറ്റുമതിൽ, വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കാനുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ, ഡിവിഷൻ മെമ്പർ സൗമ്യ ശശി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേരി കുര്യാക്കോസ്, വാർഡ് മെമ്പർ ബിന്ദു രാജേന്ദ്രൻ എന്നിവരടങ്ങുന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം ഹോസ്റ്റൽ പരിസരം സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി. നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കി വിദ്യാർത്ഥികളെ എത്രയും വേഗം ഇവിടേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം.

