പാഠപുസ്തക വിതരണം ഈ മാസം 29 നകം പൂർത്തിയാകും മന്ത്രി എൻ. ഷംസുദ്ദീൻ
വാൽപ്പാറ ദുരന്തത്തിൽ അഞ്ച് അധ്യാപകരടക്കം ഏഴ് പേരെ നഷ്ടമായ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു
പാഠപുസ്തക വിതരണം ഈ മാസം 29-നകം പൂർത്തിയാകും: മന്ത്രി എൻ. ഷംസുദ്ദീൻ
മലപ്പുറം: സംസ്ഥാനത്ത് ഈ അധ്യയന വർഷം വിതരണം ചെയ്യേണ്ട മുഴുവൻ പാഠപുസ്തകങ്ങളും ഈ മാസം 29-നകം സ്കൂളുകളിൽ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. മലപ്പുറത്തെ ബുക്ക് ഡിപ്പോയിൽ പുസ്തക വിതരണത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ ആവശ്യമായ പാഠപുസ്തകങ്ങളുടെ 80 ശതമാനവും ഡിപ്പോകളിൽ എത്തിക്കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവ അതിവേഗം വിതരണത്തിന് സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധന അവസാന ഘട്ടത്തിലാണ്. പ്രവേശനോത്സവത്തിന്റെ ക്രമീകരണങ്ങൾ സംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ എല്ലാ സ്കൂളുകൾക്കും കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പ്രത്യേക മാനസിക പിന്തുണ പദ്ധതി
വാൽപ്പാറ ദുരന്തത്തിൽ അഞ്ച് അധ്യാപകരടക്കം ഏഴ് പേരെ നഷ്ടമായ പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികൾ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും അവർക്ക് ആവശ്യമായ കൗൺസിലിംഗും പിന്തുണയും ഉറപ്പാക്കുന്നതിനുമാകും ഈ പദ്ധതി മുൻഗണന നൽകുക.