ബൈപ്പാസ് നിർമ്മാണം സർവേയ്ക്ക് കൂടുതൽ ജീവനക്കാരെ വേണം മന്ത്രി അനൂപ് ജേക്കബ്

എറണാകുളം പിറവം റോഡിലെ പാഴൂർ പേപ്പതി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി സംയുക്ത പരിശോധന നടന്നു. സ്ഥലത്ത് സർവേ നടത്തി അതിർത്തി കല്ലുകൾ സ്ഥാപിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

ബൈപ്പാസ് നിർമ്മാണം സർവേയ്ക്ക് കൂടുതൽ ജീവനക്കാരെ വേണം മന്ത്രി അനൂപ് ജേക്കബ്
പാഴൂര്‍- പേപ്പതി ബൈപ്പാസ് നിര്‍മ്മാണ നടപടികളുടെ ഭാഗമായി പൊതുമരാമത്ത്, റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധന നടത്തുന്നു.

പാഴൂർ- പേപ്പതി ബൈപ്പാസ്: സംയുക്ത പരിശോധന പൂർത്തിയായി; സർവേയ്ക്ക് കൂടുതൽ ജീവനക്കാരെ അനുവദിക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്

എറണാകുളം: എറണാകുളം- പിറവം റോഡില്‍ തുടര്‍ച്ചയായ വളവുകളും അപകടസാധ്യതയും നിറഞ്ഞ പാഴൂര്‍- പേപ്പതി ഭാഗത്ത് പുതിയ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനുള്ള സംയുക്ത പരിശോധന നടന്നു. പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന പൂർത്തിയാക്കിയത്. സ്ഥലത്ത് സര്‍വേ നടത്തി അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കാനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാൻ യോഗത്തിൽ തീരുമാനമായി.

​പിറവം, മണീട് വില്ലേജുകളില്‍ സര്‍വേ ജോലികള്‍ വേഗത്തിലാക്കാൻ മതിയായ ജീവനക്കാരില്ലാത്ത സാഹചര്യം നിലവിലുണ്ട്. ഇതു പരിഹരിക്കുന്നതിനായി കൂടുതല്‍ ഉദ്യോഗസ്ഥരെ ഉടൻ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു.

​പാഴൂര്‍ അമ്പലപ്പടി മുതല്‍ പേപ്പതി വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന ഭാഗത്ത് അപകടകരമായ നിരവധി വളവുകളാണുള്ളത്. ഇതുമൂലം ഈ പ്രദേശം സ്ഥിരം അപകട മേഖലയായി മാറിയിരിക്കുകയാണ്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ ഈ ഭാഗത്തെ യാത്രാക്ലേശത്തിനും അപകടങ്ങൾക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​സംയുക്ത പരിശോധനയോടനുബന്ധിച്ച് നടന്ന ചർച്ചകളിൽ പിറവം മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.ആര്‍. പ്രദീപ്കുമാര്‍, വിവിധ കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. സർവേ നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട അടുത്ത ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും.