മാവോയിസ്റ്റ് ഭീഷണി അവസാനിക്കുന്നു ബസ്തർ ഇനി വികസനത്തിന്റെ പാതയിലെന്ന് അമിത് ഷാ
രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഒഴിഞ്ഞെന്നും ഛത്തീസ്ഗഢിലെ ബസ്തർ വികസനത്തിലേക്ക് കുതിക്കുകയാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു.
മാവോയിസ്റ്റ് ഭീഷണി അവസാനിക്കുന്നു; ബസ്തർ ഇനി വികസനത്തിന്റെ പാതയിൽ: അമിത് ഷാ
ന്യൂഡൽഹി: രാജ്യത്തെ മാവോയിസ്റ്റ് ഭീഷണി ഏതാണ്ട് പൂർണ്ണമായും ഒഴിഞ്ഞതായും ഭീകരതയുടെ അവസാന കോട്ടയായിരുന്ന ഛത്തീസ്ഗഢിലെ ബസ്തർ ഇപ്പോൾ വികസനത്തിന്റെ പാതയിലാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് 31-നകം രാജ്യത്തുനിന്ന് മാവോയിസം തുടച്ചുനീക്കുമെന്ന കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം ലക്ഷ്യത്തോടടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാവോയിസം ഇപ്പോൾ വംശനാശത്തിന്റെ വക്കിലാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, ബസ്തറിലെ ഓരോ ഗ്രാമത്തിലും സ്കൂളുകൾ, റേഷൻ കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയതായും അറിയിച്ചു. മേഖലയിലെ ജനങ്ങൾക്ക് ആധാർ, റേഷൻ കാർഡുകൾ ലഭ്യമാക്കി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു.
"ചുവപ്പ് ഭീകരതയുടെ നിഴൽ പതിഞ്ഞതുകൊണ്ടാണ് ബസ്തറിലെ ജനങ്ങൾ ഇത്രയും കാലം പിന്നിലാക്കപ്പെട്ടത്. ഇന്ന് ആ നിഴൽ നീങ്ങിയിരിക്കുന്നു. അക്രമം ഉപേക്ഷിച്ച് ആയുധം താഴെവെക്കാൻ തയ്യാറുള്ളവരുമായി ചർച്ചയ്ക്കും അവരെ പുനരധിവസിപ്പിക്കാനും സർക്കാർ തയ്യാറാണ്. എന്നാൽ അക്രമത്തിന്റെ വഴി തുടരുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി നൽകും," അമിത് ഷാ വ്യക്തമാക്കി.

