എഡിജിപി എം.ആർ അജിത്കുമാറിനെതിരെ വകുപ്പുതല നടപടി വരുന്ന പ്രതികരണവുമായി കെ.സി വേണുഗോപാൽ

നവകേരള യാത്രയ്ക്കിടെ പ്രതിപക്ഷ പ്രവർത്തകരെ മർദിച്ച സുരക്ഷാസംഘത്തെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന കേസിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ ആഭ്യന്തര വകുപ്പ് കടുത്ത നടപടിയിലേക്ക്.

എഡിജിപി എം.ആർ അജിത്കുമാറിനെതിരെ വകുപ്പുതല നടപടി വരുന്ന പ്രതികരണവുമായി കെ.സി വേണുഗോപാൽ
ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള വകുപ്പുതല നടപടിക്ക് നീക്കം

​ആലപ്പുഴ രക്ഷാപ്രവർത്തന കേസ്: എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വകുപ്പുതല നടപടിക്ക് നീക്കം; സസ്പെൻഷൻ പരിഗണനയിൽ

തിരുവനന്തപുരം: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തനം’ കേസിൽ പ്രതികളെ രക്ഷിക്കാൻ വഴിവിട്ട് ഇടപെട്ടെന്ന ആരോപണത്തിൽ എ‍ഡിജിപി എം.ആർ. അജിത്കുമാറിനെതിരെ വകുപ്പുതല നടപടിയിലേക്ക് ആഭ്യന്തര വകുപ്പ് നീങ്ങുന്നു. സസ്പെൻഷൻ അടക്കമുള്ള കടുത്ത നടപടികളാണ് ഉദ്യോഗസ്ഥനെതിരെ സർക്കാർ പരിഗണിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഡിജിപി റാവാഡ എ. ചന്ദ്രശേഖർ നിയമോപദേശം തേടിയിട്ടുണ്ട്. നടപടികളിലേക്ക് കടക്കുന്നതിന് മുൻപായി അജിത്കുമാറിൽ നിന്നും ഡിജിപി വിശദീകരണം തേടും.

​രാഷ്ട്രീയമായി വലിയ കോളിളക്കം സൃഷ്ടിച്ച കേസായതിനാൽ, ഉന്നത ഉദ്യോഗസ്ഥനെതിരെയുള്ള നടപടികളിൽ നിയമപരമായ യാതൊരുവിധ വീഴ്ചകളും ഉണ്ടാകാതിരിക്കാനാണ് ആഭ്യന്തര വകുപ്പ് അതീവ ജാഗ്രത പുലർത്തുന്നത്. നിലവിൽ ബവ്കോ (BEVCO) എംഡിയായ അജിത്കുമാറിന് ഈ മാസമവസാനം ഡിജിപി റാങ്കിലേക്ക് സ്ഥാനക്കയറ്റം ലഭിക്കാനിരിക്കെയാണ് ഈ നീക്കങ്ങൾ. സ്ഥാനക്കയറ്റത്തിന് മുൻപ് തന്നെ ആഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്നാണ് സൂചന.

​കൂടാതെ, അജിത്കുമാറിന്റെ ഓഫിസിൽ ജോലി ചെയ്തിരുന്ന രണ്ട് ഗ്രേഡ് എസ്ഐമാരും കേസിൽ അനധികൃതമായി ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തിയിരുന്നു. ഇവർക്കെതിരെയും ശക്തമായ വകുപ്പുതല നടപടിയുണ്ടാകും.

​മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ സുരക്ഷാസംഘത്തെ കേസിൽ നിന്ന് രക്ഷിക്കാൻ അജിത്കുമാർ വഴിവിട്ട് ഇടപെട്ടെന്നാണ് കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് നിലവിൽ ഡിജിപിയുടെ പക്കലുണ്ട്. ലഭ്യമായ നിയമോപദേശം കൂടി ഉൾപ്പെടുത്തി, വകുപ്പുതല നടപടി സംബന്ധിച്ച കൃത്യമായ ശുപാർശയോടെയാകും ഡിജിപി ഈ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്കു കൈമാറുക.

​എത്ര ഉന്നതരായാലും നടപടിയുണ്ടാകും: കെ.സി. വേണുഗോപാൽ

​അതേസമയം, രക്ഷാപ്രവർത്തനമെന്ന പേരിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായി മർദിച്ച സംഭവത്തിൽ കുറ്റക്കാർ എത്ര ഉന്നത ഉദ്യോഗസ്ഥരായാലും അവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പ്രതികരിച്ചു.

​"നിരപരാധികളായ യുവാക്കളെ തല്ലിച്ചതച്ചവരെ സംരക്ഷിച്ചതാണോ ഡിജിപിയാകാനുള്ള യോഗ്യത? കുറ്റക്കാരായ മുഴുവൻ പേരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ ചെയ്യും,"- കെ.സി. വേണുഗോപാൽ വ്യക്തമാക്കി.