ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണത്തിന് ആലപ്പുഴയിൽ പുതിയ നിയമം ആഗസ്റ്റ് 1 മുതൽ കരാറില്ലാത്ത ബോട്ടുകൾക്ക് വിലക്ക്

ആലപ്പുഴയിൽ ഹൗസ്‌ബോട്ടുകളിലെ മാലിന്യസംസ്‌കരണത്തിനായി ഡി.ടി.പി.സി.യുടെ നേതൃത്വത്തിൽ പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുന്നു. പദ്ധതിയിൽ കരാർ ഒപ്പുവെക്കാത്ത ബോട്ടുകൾക്ക് സർവീസ് അനുമതി ഉണ്ടാകില്ല.

ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണത്തിന് ആലപ്പുഴയിൽ പുതിയ നിയമം ആഗസ്റ്റ് 1 മുതൽ കരാറില്ലാത്ത ബോട്ടുകൾക്ക് വിലക്ക്
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

ഹൗസ്‌ബോട്ട് മാലിന്യ സംസ്‌ക്കരണം: പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ; കരാർ ഒപ്പുവെക്കാത്ത ബോട്ടുകൾക്ക് സർവീസ് നടത്താനാകില്ല

​ആലപ്പുഴ: ജില്ലയിലെ ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഭക്ഷണ-പ്ലാസ്റ്റിക് മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിക്കുന്നതിനും സംസ്‌ക്കരിക്കുന്നതിനുമായി ആലപ്പുഴ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി) ആവിഷ്‌ക്കരിച്ച പുതിയ പദ്ധതി ആഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും. ജില്ലാ കളക്‌ടർ ഷാജി വി. നായരുടെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും ഹൗസ്‌ബോട്ട് ഉടമ സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം. പദ്ധതിയുമായി സഹകരിച്ച് കരാർ ഒപ്പുവെക്കാത്ത ഹൗസ്‌ബോട്ടുകൾക്ക് ജില്ലയിൽ സർവീസ് നടത്താൻ അനുമതിയുണ്ടാകില്ല.

​നിലവിൽ 2019 മുതൽ പുന്നമട ഹൗസ്‌ബോട്ട് ടെർമിനലിൽ സ്വകാര്യ ഏജൻസി വഴി ഡി.ടി.പി.സി സൗജന്യമായാണ് മാലിന്യനീക്കം നടത്തിയിരുന്നത്. എന്നാൽ പുതിയ പദ്ധതി പ്രകാരം മാലിന്യ ശേഖരണം കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ഹൗസ്‌ബോട്ടുകളിൽ നിന്ന് വാർഷിക യൂസർ ഫീസ് ഈടാക്കുകയും ചെയ്യും.

​വാർഷിക യൂസർ ഫീസ് നിരക്കുകൾ താഴെ പറയുന്ന പ്രകാരമാണ്:

​1 മുതൽ 2 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹8,260

​3 മുതൽ 5 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹17,700

​6 മുതൽ 10 ബെഡ്‌റൂം വരെയുള്ള ബോട്ടുകൾക്ക്: ₹35,400

​10-ൽ കൂടുതൽ ബെഡ്‌റൂം ഉള്ള ബോട്ടുകൾക്ക്: ₹53,100

​ഹൗസ്‌ബോട്ട് ഉടമ സംഘടനകളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ പുന്നമട സ്റ്റാർട്ടിംഗ് പോയിന്റ്, ഫിനിഷിംഗ് പോയിന്റ്, പുന്നമട തട്ടുങ്കൽ, പുന്നമട മല്ലൻ ഡോക്ക്, ചുങ്കം പള്ളാത്തുരുത്തി, പള്ളാത്തുരുത്തി ടെർമിനൽ എന്നീ 6 കേന്ദ്രങ്ങളിൽ പ്രത്യേക മാലിന്യ ശേഖരണ കിയോസ്‌ക്കുകൾ സ്ഥാപിക്കും. എല്ലാ ദിവസവും രാവിലെ 9 മുതൽ 11 മണി വരെയും, വൈകുന്നേരം 5 മുതൽ 7 മണി വരെയും താല്പര്യപത്രത്തിലൂടെ തിരഞ്ഞെടുത്ത സ്വകാര്യ ഏജൻസി വഴി ഡി.ടി.പി.സി മാലിന്യം ശേഖരിക്കും.

​ജില്ലയിലെ എല്ലാ ഹൗസ്‌ബോട്ടുകളും 2026 ജൂലൈ 31-നകം വാർഷിക യൂസർ ഫീസ് മുൻകൂറായി ഡി.ടി.പി.സി-യിൽ ഒടുക്കി കരാർ ഒപ്പുവെക്കേണ്ടതാണ്. കൃത്യമായി മാലിന്യം കൈമാറുന്ന ബോട്ടുകൾക്ക് ഡി.ടി.പി.സി എല്ലാ മാസവും സർട്ടിഫിക്കറ്റ് നൽകും. ഈ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന ബോട്ടുകൾക്ക് മാത്രമേ ആഗസ്റ്റ് 1 മുതൽ മലിനീകരണ നിയന്ത്രണ ബോർഡിന്റെ പൊല്യൂഷൻ സർട്ടിഫിക്കറ്റും, തുറമുഖ വകുപ്പിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും പുതുക്കി നൽകുകയുള്ളൂ.

​ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ മോളി ജേക്കബ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എ.എം. നൗഫൽ, കൗൺസിലർ ജോഷി രാജ്, എ.ഡി.എം സി. പ്രേംജി, ഡി.ടി.പി.സി സെക്രട്ടറി അജേഷ് കെ.ജെ, വിവിധ ഹൗസ്‌ബോട്ട് സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.