രാജ്യത്ത് വ്യാജ പേവിഷവാക്സീൻ കേന്ദ്രത്തിന്റെ സ്ഥിരീകരണം

കേരളത്തിലുൾപ്പെടെ വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ്

രാജ്യത്ത് വ്യാജ പേവിഷവാക്സീൻ കേന്ദ്രത്തിന്റെ സ്ഥിരീകരണം
രാജ്യത്ത് വ്യാജ പേവിഷവാക്സീൻ വിതരണം ചെയ്യുന്നതായി കേന്ദ്രം; കേരളത്തിലുൾപ്പെടെയുള്ള മരണങ്ങളിൽ അന്വേഷണം

രാജ്യത്ത് വ്യാജ പേവിഷവാക്സീൻ വിതരണം ചെയ്യുന്നതായി കേന്ദ്രം; കേരളത്തിലുൾപ്പെടെയുള്ള മരണങ്ങളിൽ അന്വേഷണം

ന്യൂഡൽഹി: രാജ്യത്ത് വ്യാജ പേവിഷവാക്സീനുകൾ (Anti-Rabies Vaccine) വിതരണം ചെയ്യപ്പെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തിലുൾപ്പെടെ വാക്സീൻ എടുത്തിട്ടും പേവിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ (CDSCO) വിവിധ സംസ്ഥാനങ്ങളിലെ ലൈസൻസിങ് അതോറിറ്റികളുമായി ചേർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാജ മരുന്ന് വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ രാജ്യസഭയെ അറിയിച്ചു.

​'അഭയറാബ്' വാക്സീന്റെ വ്യാജപതിപ്പ്

ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന 'അഭയറാബ്' (Abhayrab) എന്ന വാക്സീന്റെ വ്യാജപതിപ്പുകളെക്കുറിച്ചാണ് പ്രധാനമായും പരാതി ഉയർന്നത്. 2023-ൽ ഓസ്ട്രേലിയയും ഈ മരുന്നിനെതിരെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യ സന്ദർശിക്കവെ ഈ വാക്സീൻ സ്വീകരിച്ച ഓസ്ട്രേലിയൻ പൗരന് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു ഇത്. കേരളത്തിലെ സർക്കാർ ആശുപത്രികളിലുൾപ്പെടെ വിതരണം ചെയ്യുന്ന പ്രമുഖ ബ്രാൻഡാണിത്. കഴിഞ്ഞ മാർച്ചിൽ ഡൽഹി, അഹമ്മദാബാദ്, ലക്നൗ എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ വ്യാജ വാക്സീൻ ശേഖരം പിടിച്ചെടുത്തിരുന്നു.

​സുരക്ഷ ഉറപ്പാക്കാൻ ക്യുആർ കോഡ് സംവിധാനം

മരുന്നുകളുടെ ഗുണനിലവാരവും ആധികാരികതയും ഉറപ്പാക്കാൻ രാജ്യത്തെ എല്ലാ വാക്സീനുകളും ആന്റിമൈക്രോബിയലുകളും ക്യുആർ (QR Code) സംവിധാനത്തിന് കീഴിലാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. 2024-ൽ ആരംഭിച്ച ഈ നടപടികൾ വഴി നിലവിൽ 75% മരുന്നുകളിലും ക്യുആർ കോഡ് നിലവിൽ വന്നിട്ടുണ്ട്. ഇതോടെ രോഗികൾക്കും ആരോഗ്യപ്രവർത്തകർക്കും മരുന്നിന്റെ ഉറവിടം എളുപ്പത്തിൽ പരിശോധിക്കാനാകും.