മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം വി. ശിവൻകുട്ടി
പ്രധാനമന്ത്രിയുടെ സന്ദർശനം മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം കേന്ദ്രത്തിന്റേത് സാമ്പത്തിക ഉപരോധമെന്ന് വി. ശിവൻകുട്ടി
പ്രധാനമന്ത്രിയുടെ സന്ദർശനം: മേയറെ ഒഴിവാക്കിയത് ജനങ്ങളോടുള്ള അപമാനം; കേന്ദ്രത്തിന്റേത് സാമ്പത്തിക ഉപരോധമെന്ന് വി. ശിവൻകുട്ടി
തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്വീകരണ ചടങ്ങിൽ നിന്ന് തിരുവനന്തപുരം നഗരസഭാ മേയറെ ഒഴിവാക്കിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നഗരത്തിന്റെ പ്രഥമ പൗരനെ മാറ്റിനിർത്തിയത് തിരുവനന്തപുരത്തെ ജനങ്ങളെയും ഫെഡറൽ മര്യാദകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കാലത്ത് ബിജെപി നൽകിയ വാഗ്ദാനങ്ങൾ വെറും ഇരട്ടത്താപ്പാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ബിജെപി ഭരണം പിടിച്ചാൽ മേയർ ഔദ്യോഗിക വസ്ത്രമണിഞ്ഞ് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് പ്രചരിപ്പിച്ചവർ ഇപ്പോൾ മേയറെ പട്ടികയിൽ നിന്ന് പോലും ഒഴിവാക്കിയിരിക്കുകയാണ്. ബിജെപിയിലെ ഗ്രൂപ്പിസമാണോ ഇതിന് പിന്നിലെന്നും വി.വി. രാജേഷിന് അതിനുള്ള 'സ്റ്റാറ്റസ്' ഇല്ലെന്നാണോ ബിജെപി കരുതുന്നതെന്നും മന്ത്രി പരിഹസിച്ചു.
മന്ത്രി ഉന്നയിച്ച പ്രധാന ആരോപണങ്ങൾ:
വികസന ബ്ലൂ പ്രിന്റ് എവിടെ?: 45 ദിവസത്തിനകം പ്രധാനമന്ത്രി നേരിട്ടെത്തി പ്രഖ്യാപിക്കുമെന്ന് പറഞ്ഞ വികസന ബ്ലൂ പ്രിന്റിനെക്കുറിച്ച് ഇപ്പോൾ ബിജെപി നേതാക്കൾക്ക് മിണ്ടാട്ടമില്ല.
വിദ്യാഭ്യാസ ഫണ്ട് തടഞ്ഞുവെച്ചു: സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്ന സാമ്പത്തിക ഉപരോധമാണ് കേന്ദ്രം നടത്തുന്നത്. സമഗ്ര ശിക്ഷാ കേരളയുടെ (SSK) 1,148.13 കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചിരിക്കുകയാണ്. ഇത് കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു.
അവഗണനയുടെ തുടർച്ച: വയനാട് ദുരന്തത്തിൽ പോലും അർഹമായ സഹായം നിഷേധിച്ചു. റെയിൽവേ വികസനത്തിലും കേരളത്തോട് കടുത്ത അവഗണനയാണ് കാട്ടുന്നത്.
കേരളം മോഡൽ: യുപിയും ബിഹാറുമല്ല കേരളത്തിന്റെ മാതൃക. രാജ്യത്തെ ഏറ്റവും മികച്ച പൊതുവിദ്യാഭ്യാസ ശൃംഖല കേരളത്തിലാണ്. പി എം ശ്രീ സ്കൂളുകളേക്കാൾ മികച്ച നിലവാരമുള്ളവയാണ് കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിന് അർഹമായ ഫണ്ടുകൾ അടിയന്തരമായി അനുവദിക്കണമെന്നും വികസനത്തിന് തുരങ്കം വെക്കുന്ന നടപടി കേന്ദ്രം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട മന്ത്രി, അവകാശങ്ങൾക്കായി ശക്തമായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

