കറാച്ചിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കും നോർക്ക ഹെൽപ്‌ഡെസ്കിൽ ലഭിച്ചത് 541 കോളുകൾ
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ നോർക്ക ഇടപെടുന്നു. സഹായത്തിനായി ഡൽഹിയിലും തിരുവനന്തപുരത്തും കൺട്രോൾ റൂമുകൾ തുറന്നു.
പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളി കുടുംബത്തെ നാട്ടിലെത്തിക്കാൻ നോർക്കയുടെ ഇടപെടൽ; കൺട്രോൾ റൂമുകൾ സജ്ജം
തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളടക്കമുള്ള എട്ട് ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാൻ നോർക്ക റൂട്ട്സ് അടിയന്തര ഇടപെടൽ നടത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയർ അറേബ്യ വിമാനത്തിലെ യാത്രക്കാരായ പാലക്കാട് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോൻ, മകൾ സ്മൃതി മേനോൻ എന്നിവരാണ് കറാച്ചിയിൽ കുടുങ്ങിയത്.
വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോർക്ക അധികൃതർ അറിയിച്ചു.
24 മണിക്കൂർ ഹെൽപ്‌ഡെസ്ക്: 541 കോളുകൾ ലഭിച്ചു
മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരം നോർക്ക റൂട്ട്സ് സജ്ജമാക്കിയ ഹെൽപ്‌ഡെസ്കിൽ ഞായറാഴ്ച വൈകുന്നേരം ആറ് മണി വരെ 541 കോളുകൾ ലഭിച്ചു. ഇതിൽ 188 പേർ വിദേശത്തുനിന്നും 353 പേർ ഇന്ത്യയ്ക്കകത്തുനിന്നുമാണ് ബന്ധപ്പെട്ടത്. യുഎഇ (78), ഖത്തർ (49), ബഹ്റൈൻ (39) തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് കൂടുതൽ അന്വേഷണങ്ങൾ എത്തിയത്. നോർക്ക സെക്രട്ടറി ടി.വി അനുപമ, സി.ഇ.ഒ അജിത് കോളശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
വിവിധ രാജ്യങ്ങളിലെ സഹായപ്രവർത്തനങ്ങൾ
ബഹ്റൈൻ: മരുന്നും രേഖകളും നഷ്ടപ്പെട്ട പ്രവാസികൾക്ക് ലോക കേരള സഭാംഗങ്ങൾ വഴി സഹായമെത്തിച്ചു. ഗവൺമെന്റ് ഷെൽട്ടറുകളെക്കുറിച്ചുള്ള വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കാൻ പ്രത്യേക ഹെൽപ്പ് ഗ്രൂപ്പ് രൂപീകരിച്ചു.
യു.എ.ഇ: യാത്രാ തടസ്സം നേരിട്ട് യു.എ.ഇയിൽ കുടുങ്ങിയവർക്ക് മലയാളി സംഘടനകൾ വഴി സഹായം ഉറപ്പാക്കി.
ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം
ന്യൂഡൽഹി കേരള ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശപ്രകാരം തുറന്നു. റസിഡന്റ് കമ്മീഷണർ പുനീത് കുമാർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ബന്ധപ്പെടേണ്ട നമ്പറുകൾ:
നോർക്ക റൂട്ട്സ്: +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ഇന്ത്യയിൽ നിന്ന്).
ഡൽഹി കൺട്രോൾ റൂം: 011-23747079, 011-23742320, +91-9310443880.
സംഘർഷ മേഖലകളിലുള്ള പ്രവാസികൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് നോർക്ക അറിയിച്ചു.

