കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ

ഇന്ദിരാഗാന്ധി പെൻഷൻ സ്കീമുകൾ ഇനി പ്രധാനമന്ത്രി യോജന എന്ന പേരിൽ അറിയപ്പെടും. ഭിന്നശേഷി പെൻഷൻ തുക വർധിപ്പിച്ചതിനൊപ്പം യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവും പ്രഖ്യാപിച്ചു.

കേന്ദ്ര പെൻഷൻ പദ്ധതികൾ ഇനി പ്രധാനമന്ത്രി പേരിൽ
ഇന്ദിരാഗാന്ധി പെൻഷൻ സ്കീമുകൾ ഇനി പ്രധാനമന്ത്രി യോജന എന്ന പേരിൽ അറിയപ്പെടും

​കേന്ദ്ര സാമൂഹികസുരക്ഷാ പദ്ധതികളുടെ പേരുമാറ്റി; ഭിന്നശേഷി പെൻഷനും യോഗ്യതയും വർധിപ്പിച്ചു

​ന്യൂഡൽഹി: ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ദേശീയ പെൻഷൻ പദ്ധതികൾ ഉൾപ്പെടെയുള്ള കേന്ദ്ര സാമൂഹികസുരക്ഷാ പദ്ധതികളുടെ പേരുകൾ മാറ്റാൻ കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാമിന് (NSAP) കീഴിലുള്ള അഞ്ച് പ്രധാന സ്കീമുകളുടെ പേരുകളാണ് പ്രധാനമന്ത്രിയുടെ പേരിലേക്ക് മാറ്റിയത്. പദ്ധതികളുടെ പരിഷ്കരിച്ച പുതിയ മാർഗരേഖ മൂന്ന് മാസത്തിനുള്ളിൽ പുറത്തിറക്കും.

​വയോധികർ, വിധവകൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി 1995-ൽ ആരംഭിച്ച പദ്ധതികളിലാണ് ഈ മാറ്റങ്ങൾ വരുത്തിയിരിക്കുന്നത്.

​പദ്ധതികളുടെ പുതിയ പേരുകൾ:

​നാഷനൽ സോഷ്യൽ അസിസ്റ്റൻസ് പ്രോഗ്രാം: പ്രധാനമന്ത്രി സാമാജിക് സഹായതാ യോജന

​ഇന്ദിരാഗാന്ധി നാഷനൽ ഓൾഡ് ഏജ് പെൻഷൻ സ്കീം: പ്രധാനമന്ത്രി വൃദ്ധാവസ്ഥാ പെൻഷൻ യോജന

​ഇന്ദിരാഗാന്ധി നാഷനൽ വിഡോ പെൻഷൻ സ്കീം: പ്രധാനമന്ത്രി വിധവ പെൻഷൻ യോജന

​ഇന്ദിരാഗാന്ധി നാഷനൽ ഡിസബിലിറ്റി പെൻഷൻ സ്കീം: പ്രധാനമന്ത്രി ദിവ്യാംഗ്‍ജൻ പെൻഷൻ യോജന

​നാഷനൽ ഫാമിലി ബെനഫിറ്റ് സ്കീം: പ്രധാനമന്ത്രി പരിവാർ ലാഭ് യോജന

​ഭിന്നശേഷി പെൻഷനിൽ വൻ ഇളവുകളും വർധനവും

​പേരുമാറ്റത്തോടൊപ്പം ഭിന്നശേഷി പെൻഷൻ തുക വർധിപ്പിക്കുകയും പെൻഷൻ ലഭിക്കാനുള്ള യോഗ്യതയിൽ ഇളവുകൾ വരുത്തുകയും ചെയ്തിട്ടുണ്ട്:

​പെൻഷൻ തുക: 79 വയസ്സ് വരെയുള്ള ഭിന്നശേഷിക്കാർക്ക് പ്രതിമാസ പെൻഷൻ 300 രൂപയിൽ നിന്ന് 375 രൂപയായി വർധിപ്പിച്ചു. 80 വയസ്സിന് മുകളിലുള്ളവർക്ക് ഇനി 625 രൂപ (മുമ്പ് 500 രൂപ) ലഭിക്കും.

​പ്രായപരിധി: മുൻപ് 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രം നൽകിയിരുന്ന പെൻഷൻ ഇനിമുതൽ ജനനം മുതൽ ലഭിക്കും.

​ഭിന്നശേഷി ശതമാനം: മുൻപ് 80% ഭിന്നശേഷിയുള്ളവർക്ക് (ബെഞ്ച്മാർക്) മാത്രമായിരുന്നു അർഹതയെങ്കിൽ, ഇനിയിത് 40 ശതമാനമായി കുറച്ചു.

​യോഗ്യതാ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയതോടെ കൂടുതൽ ആളുകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. രാജ്യത്തുടനീളം ആകെ 3.20 കോടി ആളുകൾക്ക് ഈ പരിഷ്കാരങ്ങളുടെ ആനുകൂല്യം ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. അതേസമയം, വയോധികർക്കും വിധവകൾക്കുമുള്ള പെൻഷൻ തുകയിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.