​വ്ലാത്താങ്കരയിൽ യുവതിയെ വെട്ടിക്കൊന്നത് സംശയരോഗം മൂലം അധ്യാപകനായ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം ചെങ്കൽ വ്ലാത്താങ്കരയിൽ യുവതിയെ വെട്ടിക്കൊന്ന കേസിൽ ഭർത്താവ് വിഷ്ണുനാഥ് അറസ്റ്റിലായി. സംശയരോഗവും കുടുംബ കലഹവുമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

​വ്ലാത്താങ്കരയിൽ യുവതിയെ വെട്ടിക്കൊന്നത് സംശയരോഗം മൂലം അധ്യാപകനായ ഭർത്താവ് പിടിയിൽ
അൽമ

​സംശയരോഗം കൊലപാതകത്തിൽ കലാശിച്ചു; ചെങ്കലിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് പിടിയിൽ

​ചെങ്കൽ: വ്ലാത്താങ്കരയിൽ യുവതി വെട്ടേറ്റു മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വ്ലാത്താങ്കര ഗോപിനാഥ മന്ദിരത്തിൽ അൽമ (32) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് വിഷ്ണുനാഥിനെയാണ് (36) പാറശാല പോലീസ് പിടികൂടിയത്. ഭാര്യയോടുള്ള അമിതമായ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പി.എസ്.സി കോച്ചിങ് സെന്ററുകളിലെ ഇംഗ്ലീഷ് അധ്യാപകനാണ് വിഷ്ണുനാഥ്.

​ഞായറാഴ്ച രാവിലെ ഒൻപതരയോടെ വീട്ടിലെ കിടപ്പുമുറിയിൽ വെച്ചാണ് ദാരുണമായ സംഭവം നടന്നത്. ശനിയാഴ്ച രാത്രി തുടങ്ങിയ തർക്കം ഞായറാഴ്ച രാവിലെയും തുടരുകയായിരുന്നു. ഇതിനിടെ പ്രകോപിതനായ വിഷ്ണുനാഥ് വീട്ടിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് അൽമയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഒമ്പത് വർഷം മുൻപ് പ്രണയവിവാഹിതരായ ഇവർക്ക് കുട്ടികളില്ലായിരുന്നു. ഇതിന്റെ പേരിലും ദമ്പതികൾക്കിടയിൽ നിരന്തരം കലഹങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

​വിവരമറിഞ്ഞെത്തിയ പാറശാല പോലീസ് വിഷ്ണുനാഥിനെ കസ്റ്റഡിയിലെടുക്കുകയും കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്തുകയും ചെയ്തു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അൽമയുടെ മൃതദേഹം അഞ്ചുമരങ്കാലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. വെള്ളറടയ്ക്കടുത്ത് അഞ്ചുമരങ്കാല സ്വദേശിനിയാണ് അൽമ.