7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ രമേശൻ നിരപരാധി

വയോധികയുടെ മാല മോഷ്ടിച്ചെന്ന വ്യാജ കേസിൽ 7 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് ചെട്ടികുളങ്ങര സ്വദേശി രമേശൻ. മാവേലിക്കര മജിസ്ട്രേട്ട് കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്

7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ രമേശൻ നിരപരാധി
രമേശൻ കള്ളനല്ല; മാലമോഷണ കേസിൽ 7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ചു

ഒടുവിൽ നീതി ജയിച്ചു; മാലമോഷണക്കേസിൽ 7 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ രമേശൻ നിരപരാധി

മാവേലിക്കര: വയോധികയുടെ മാല മോഷ്ടിച്ചെന്ന കേസിൽ ഏഴു വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് രമേശ് കുമാർ (രമേശൻ - 65). ചെട്ടികുളങ്ങര കൈതതെക്ക് സ്വദേശിയായ രമേശൻ വ്യാജ കേസിൽ കുടുങ്ങി 47 ദിവസമാണ് റിമാൻഡിൽ കഴിഞ്ഞത്. മാവേലിക്കര മജിസ്ട്രേട്ട് കോടതിയാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്.

​2019 നവംബർ 26-ന് പുലർച്ചെ ചെട്ടികുളങ്ങര ക്ഷേത്ര ദർശനത്തിന് പോയ വയോധികയുടെ മാല പൊട്ടിച്ചെന്നായിരുന്നു കേസ്. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അന്ന് തന്നെ രമേശനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിലിറക്കാൻ ആളില്ലാതെ 47 ദിവസം ജയിലിൽ കഴിഞ്ഞ അദ്ദേഹം, പിന്നീട് പൊലീസിന്റെ ഇടപെടലോടെയാണ് പുറത്തിറങ്ങിയത്.

​ഈ സംഭവത്തിന് ശേഷം ചെട്ടികുളങ്ങര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ 18 മാലകൾ മോഷ്ടിച്ച പത്തിയൂർ സ്വദേശിയായ മറ്റൊരു പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ചെട്ടികുളങ്ങരയിൽ മാല മോഷ്ടിച്ചത് താനാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ചെയ്തു. എന്നാൽ വയോധിക ആദ്യ മൊഴിയിൽ ഉറച്ചുനിന്നതോടെ രമേശൻ നിയമപോരാട്ടം തുടരുകയായിരുന്നു.

​പ്രോസിക്യൂഷൻ ഹാജരാക്കിയ 24 സാക്ഷികൾക്കും രമേശൻ കുറ്റക്കാരനാണെന്ന് തെളിയിക്കാൻ കഴിഞ്ഞില്ല. കൂടാതെ മോഷണം പോയ മാല കോടതിയിൽ ഹാജരാക്കാനും പ്രോസിക്യൂഷന് സാധിച്ചില്ല. തുടർന്ന് മാവേലിക്കര മജിസ്ട്രേട്ട് സൂര്യ എസ്. സുകുമാരൻ രമേശനെ വെറുതെവിട്ട് ഉത്തരവിടുകയായിരുന്നു.

​കേസിൽ പ്രതിയായതോടെ സ്കൂൾ ബസ് ഡ്രൈവറായിരുന്ന രമേശന് ജോലി നഷ്ടപ്പെടുകയും അടുത്ത ബന്ധുക്കൾ പോലും അദ്ദേഹത്തെ കൈയൊഴിയുകയും ചെയ്തു. ജാമ്യത്തിലിറങ്ങിയ നാളുകളിൽ കടത്തിണ്ണകളിലും പിന്നീട് ബന്ധുവീടുകളിലുമായിട്ടായിരുന്നു താമസം. കടുത്ത മാനസിക വേദനകളും അപമാനവും നിറഞ്ഞ വർഷങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ തിരിച്ചെത്തിയ രമേശൻ, നിലവിൽ മാവേലിക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തുവരികയാണ്.