പർപ്പിൾ മധുരക്കിഴങ്ങിൽ നിന്ന് ന്യൂട്രാപോട്ട്
പർപ്പിൾ മധുരക്കിഴങ്ങിൽ നിന്ന് ന്യൂട്രാപോട്ട് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാന നേട്ടം
പർപ്പിൾ മധുരക്കിഴങ്ങിൽ നിന്ന് ‘ന്യൂട്രാപോട്ട്’; കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിന് അഭിമാന നേട്ടം
കാഞ്ഞിരപ്പള്ളി: കാമ്പസിലെ ഗവേഷണ പരീക്ഷണങ്ങൾ വിപണിയിലെ വിപ്ലവകരമായ ആരോഗ്യ ഉൽപ്പന്നമായി മാറുന്നു. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ബോട്ടണി വിഭാഗം വികസിപ്പിച്ചെടുത്ത ‘ഡൊമിനിക്സ്-ന്യൂട്രാപോട്ട്’ (Dominic’s-Nutrapot) പർപ്പിൾ മധുരക്കിഴങ്ങ് ഹെൽത്ത് മിക്സ് വിപണിയിലേക്ക്. ബോട്ടണി വിഭാഗം അധ്യാപിക ഡോ. സ്മിത ആർ. ബി., മുൻ വിദ്യാർത്ഥിനി പാർവ്വതി ആർ. നായർ എന്നിവരുടെ ദീർഘനാളത്തെ ഗവേഷണ ഫലമാണ് ഈ ഉൽപ്പന്നം.
പർപ്പിൾ മധുരക്കിഴങ്ങിന്റെ സ്വാഭാവിക ഔഷധഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെയാണ് ഈ ഹെൽത്ത് മിക്സ് തയ്യാറാക്കിയിരിക്കുന്നത്. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ ഏറെ ഫലപ്രദമായ ഇതിന് ഇതിനോടകം തന്നെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (FSSAI) അംഗീകാരവും നിർമ്മാണ രീതിക്ക് പകർപ്പവകാശവും (Copyright) ലഭിച്ചുകഴിഞ്ഞു.
ശക്തമായ ആന്റി-ഓക്സിഡന്റായ ആന്തോസയാനിൻ അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. പ്രമേഹരോഗികൾക്കും ഹൃദ്രോഗികൾക്കും ഭയമില്ലാതെ ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. സാധാരണ മധുരക്കിഴങ്ങിനേക്കാൾ ഔഷധഗുണമുള്ള പർപ്പിൾ മധുരക്കിഴങ്ങിനെ ജനകീയമാക്കുന്നതിനൊപ്പം കോളേജ് തലത്തിലുള്ള ഗവേഷണങ്ങൾ സമൂഹത്തിന് ഉപകാരപ്രദമാക്കുക എന്ന ലക്ഷ്യം കൂടിയുണ്ട് ഈ നേട്ടത്തിന് പിന്നിൽ.

