ചിന്നക്കനാൽ ഭൂമി ഇടപാട്
ചിന്നക്കനാൽ ഭൂമി ഇടപാട് മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി
ചിന്നക്കനാൽ ഭൂമി ഇടപാട്: മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി
തിരുവനന്തപുരം: ഇടുക്കി ചിന്നക്കനാലിൽ നിയമം ലംഘിച്ച് ഭൂമി വാങ്ങിയെന്ന പരാതിയിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വിജിലൻസിന്റെ പൂജപ്പുര എസ്‌ഐയു (SIU 1) യൂണിറ്റാണ് എംഎൽഎയെ ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. ഭൂമി ഇടപാടിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണത്തെത്തുടർന്നാണ് നടപടി.
താൻ നടത്തിയ ഭൂമി ഇടപാടിൽ നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് മാത്യു കുഴൽനാടൻ വിജിലൻസിന് മൊഴി നൽകി. ആധാരത്തിൽ വില കുറച്ചു കാണിച്ചിട്ടില്ലെന്നും, സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് മുൻപ് അവിടെ മിച്ചഭൂമി കേസുകൾ ഉണ്ടായിരുന്നോ എന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ഭൂമി കൈയേറിയെന്ന ആരോപണവും അദ്ദേഹം പൂർണ്ണമായും നിഷേധിച്ചു.
ചിന്നക്കനാലിൽ 50 സെന്റ് അധിക ഭൂമി കൈവശം വെച്ചതുമായി ബന്ധപ്പെട്ട കേസിൽ 16-ാം പ്രതിയാണ് മാത്യു കുഴൽനാടൻ. നിലവിൽ ഇതേ വിഷയത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അന്വേഷണം നടത്തുന്നുണ്ട്. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഇതിനിടയിലാണ് വിജിലൻസും അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുന്നത്.

