മന്ത്രി വീണാ ജോർജിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മിന്നൽ മാർച്ച് കത്രിക വിവാദത്തിൽ പ്രതിഷേധം
ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ വീഴ്ചയിൽ പ്രതിഷേധിച്ച് മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ യൂത്ത് കോൺഗ്രസ് റീത്ത് വെച്ച് പ്രതിഷേധിച്ചു.
ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് മിന്നൽ മാർച്ച്; കവാടത്തിൽ റീത്ത് വെച്ച് പ്രതിഷേധം
ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മിന്നൽ പ്രതിഷേധം നടത്തി. തൈക്കാടുള്ള വസതിയുടെ ഗേറ്റ് തള്ളിത്തുറന്ന് അകത്തുകയറിയ പ്രവർത്തകർ വീടിന്റെ വാതിലിന് മുന്നിൽ 'ആരോഗ്യവകുപ്പ്' എന്നെഴുതിയ റീത്ത് വെക്കുകയും കരിങ്കൊടി വീശുകയും ചെയ്തു.
മന്ത്രി വസതിയിലില്ലാതിരുന്ന സമയത്തായിരുന്നു പ്രതിഷേധം. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ചുരുക്കം പോലീസുകാരെ മറികടന്നാണ് ഇരുപതോളം വരുന്ന പ്രവർത്തകർ അകത്തുകടന്നത്. വീടിന് മുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ പിന്നീട് കൂടുതൽ പോലീസെത്തി ബലംപ്രയോഗിച്ച് നീക്കി. എല്ലാവരെയും അറസ്റ്റ് ചെയ്ത് നീക്കി. വരും ദിവസങ്ങളിലും സമരം ശക്തമാക്കുമെന്ന് യൂത്ത് കോൺഗ്രസ് നേതൃത്വം അറിയിച്ചു.
അഞ്ച് വർഷം മുമ്പ് ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഉഷ ജോസഫിന്റെ വയറ്റിലാണ് കത്രിക കുടുങ്ങിയത്. സംഭവത്തിൽ ഗൈനക്കോളജി വിഭാഗം മുൻ മേധാവി ഡോ. ലളിതാംബികയെ പ്രതിയാക്കി അമ്പലപ്പുഴ പോലീസ് കേസെടുത്തിട്ടുണ്ട്.

