ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്‌ആർടിസിയിൽ സൗജന്യ യാത്ര സുപ്രധാന പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ
കേരളത്തിലെ സ്ത്രീകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ ജൂൺ 15 മുതൽ സൗജന്യ യാത്ര അനുവദിക്കും. പുതിയ മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ വനിതകൾക്ക് കെഎസ്‌ആർടിസി ബസുകളിൽ സൗജന്യ യാത്രാ സൗകര്യം ഒരുങ്ങുന്നു. വരുന്ന ജൂൺ 15 മുതൽ പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ സുപ്രധാന തീരുമാനം വ്യക്തമാക്കിയത്. സ്ത്രീ ശാക്തീകരണവും പൊതുഗതാഗത സംവിധാനങ്ങളിലേക്ക് സ്ത്രീകളെ കൂടുതൽ ആകർഷിക്കുന്നതുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
യാത്രാ ചെലവുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ സ്ത്രീകൾക്കും ജോലിക്ക് പോകുന്നവർക്കും വിദ്യാർത്ഥിനികൾക്കും ഈ തീരുമാനം വലിയൊരു ആശ്വാസമായി മാറും. ഇതിനു മുന്നോടിയായി കെഎസ്‌ആർടിസി ബസുകളിൽ സ്ത്രീകളുടെ യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേക 'ജെൻഡർ ടിക്കറ്റിംഗ്' സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഏതെല്ലാം കാറ്റഗറിയിലുള്ള ബസുകളിലാണ് ഈ ആനുകൂല്യം ലഭ്യമാകുക എന്നത് സംബന്ധിച്ചുള്ള കൂടുതൽ മാർഗ്ഗരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടും.
തെരഞ്ഞെടുപ്പ് വേളയിൽ യുഡിഎഫ് മുന്നോട്ട് വെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇന്ദിര ഗ്യാരന്തിയുടെ ഭാഗമായുള്ള ഈ പദ്ധതി. സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിനൊപ്പം ആശമാരുടെ വേതനം 3000 രൂപയും, അങ്കണവാടി വർക്കർമാർ, പ്രീ-പ്രൈമറി അധ്യാപകർ, ആയമാർ എന്നിവരുടെ വേതനം 1000 രൂപ വീതവും വർദ്ധിപ്പിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു

