മൂവാറ്റുപുഴയാറിൽ ദുരന്തം കാണാതായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ കണ്ടെത്തി
കോതമംഗലം ചെറുവട്ടൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ മൂവാറ്റുപുഴയാറിൽ കണ്ടെത്തി. സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കടുത്ത സാമ്പത്തിക പ്രതിസന്ധി; കോതമംഗലത്ത് കുട്ടികളുമായി ദമ്പതികൾ പുഴയിൽ ചാടി, 4 മൃതദേഹങ്ങളും കണ്ടെത്തി
മൂവാറ്റുപുഴ : ചെറുവട്ടൂരിൽ നിന്ന് കാണാതായ ഒരു കുടുംബത്തിലെ നാല് പേരെ മൂവാറ്റുപുഴയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് നെന്മാറ ഇലവഞ്ചേരി സ്വദേശി നാരായണൻ (45), ഭാര്യ പായിപ്ര പാലക്കാപറമ്പിൽ വിജിമോൾ (43), ഇവരുടെ രണ്ട് വയസ്സുള്ള മകൻ, ഏഴ് വയസ്സുകാരി മകൾ ഹന്നമോൾ എന്നിവരുടെ മൃതദേഹങ്ങളാണ് പുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം കുട്ടികളെയുമൊട്ടിച്ച് മാതാപിതാക്കൾ പുഴയിൽ ചാടി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ചെറുവട്ടൂരിൽ വാടകവീട്ടിൽ താമസിച്ച് കൂലിപ്പണി ചെയ്തു വരികയായിരുന്നു നാരായണൻ. ഭാര്യ വിജിമോൾ കാഴ്ചപരിമിതിയുള്ളയാളാണ്. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയായിരുന്നു ഇവരുടെ വിവാഹം നടന്നത്. മൂത്തമകൾ ഹന്നമോൾ ചെറുവട്ടൂർ ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കുട്ടി ഒരാഴ്ചയായി സ്കൂളിൽ എത്തുന്നില്ലെന്ന് അധ്യാപകർ ബന്ധുക്കളെ അറിയിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് വിജിമോളുടെയും രണ്ട് വയസ്സുകാരനായ മകന്റെയും മൃതദേഹങ്ങൾ പുഴയിൽ ആദ്യം കാണപ്പെടുന്നത്. തുടക്കത്തിൽ ആളെ തിരിച്ചറിയാൻ കഴിയാതിരുന്നതിനാൽ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് രാത്രി വൈകി വിജിമോളുടെ സഹോദരനെത്തിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്. ഇതോടെ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.
തുടർന്ന് നടത്തിയ തിരച്ചിലിൽ ശനിയാഴ്ച ഉച്ചയോടെ ആറ്റുതീരം പാർക്കിന് സമീപത്ത് നിന്ന് നാരായണന്റെ മൃതദേഹവും, ഞായറാഴ്ച രാവിലെയോടെ ഹന്നമോളുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
ടൗണിൽ നിന്നും മാറി സ്ഥിതി ചെയ്യുന്ന എക്സൈസ് ഓഫീസിന് സമീപത്തെ കടവിൽ നിന്നാകാം ഇവർ പുഴയിലേക്ക് ചാടിയതെന്നാണ് പൊലീസ് കരുതുന്നത്. റോഡിൽ നിന്ന് പുഴയിലേക്ക് ഇറങ്ങാവുന്ന നടപ്പാതയുള്ള ഈ കടവിൽ നിന്ന് കുട്ടികളുടെ ചെരുപ്പും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.