​ആറ് ജീവിതങ്ങൾ, ആറ് കഥകൾ; ജോയ് കെ. മാത്യുവിന്റെ ടുമോറോ അഞ്ചാം ഭാഗം പൂർത്തിയായി

​സംവിധായകൻ ജോയ് കെ. മാത്യുവിന്റെ ഇരുപത്തിരണ്ടാമത് പ്രൊജക്റ്റായ ടുമോറോ എന്ന ആന്തോളജി ചിത്രത്തിലെ അഞ്ചാം ഭാഗം വട്ടിപ്പലിശ യുടെ ചിത്രീകരണം കൊച്ചിയിൽ പൂർത്തിയായി. അവസാന ഭാഗമായ ദ ഡോൺ ഉടൻ ആരംഭിക്കും.

​ആറ് ജീവിതങ്ങൾ, ആറ് കഥകൾ; ജോയ് കെ. മാത്യുവിന്റെ ടുമോറോ അഞ്ചാം ഭാഗം പൂർത്തിയായി
സിനിമ പോസ്റ്റർ

​ആറ് കഥകളുമായി 'ടുമോറോ'; അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി

കൊച്ചി: പ്രശസ്ത സംവിധായകനും നടനുമായ ജോയ് കെ. മാത്യു രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ ആന്തോളജി ചിത്രം 'ടുമോറോ'യിലെ (Tomorrow) അഞ്ചാം ഭാഗമായ 'വട്ടിപ്പലിശ'യുടെ ചിത്രീകരണം പൂർത്തിയായി. മാനവികത, സഹകരണം, സ്നേഹം എന്നീ മൂല്യങ്ങൾ മുൻനിർത്തി മനുഷ്യബന്ധങ്ങളുടെ തീവ്രതയാർന്ന കഥ പറയുന്ന ചിത്രമാണിത്. ജോയ് കെ. മാത്യു, മോളി കണ്ണമാലി, സുജ, അലക്സ് എന്നിവരാണ് 'വട്ടിപ്പലിശ'യിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാലി മൊയ്ദീൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.

​ആകെ ആറ് ജീവിതഗന്ധിയായ കഥകൾ കോർത്തിണക്കിയാണ് 'ടുമോറോ' പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ 'ടുമോറോ', 'അൺബ്രേക്കബിൾ', 'വാലറ്റ്', 'സ്റ്റോറീസ് ഓൺ ദി കാൻവാസ്', 'വട്ടിപ്പലിശ' എന്നീ അഞ്ച് ഭാഗങ്ങളുടെ ചിത്രീകരണം വിജയകരമായി പൂർത്തിയായിക്കഴിഞ്ഞു. വൈവിധ്യമാർന്ന ജീവിതാനുഭവങ്ങളിലൂടെയും വ്യത്യസ്തങ്ങളായ വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഒരു സാംസ്കാരിക ദൃശ്യവിരുന്നായിരിക്കുമെന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. വിവിധ ഭാഷകളിലെ പ്രമുഖ താരങ്ങളാണ് ഈ സിനിമയുടെ വിവിധ ഭാഗങ്ങളിൽ അണിനിരക്കുന്നത്.

​ചിത്രത്തിലെ അവശേഷിക്കുന്ന അവസാന കഥയായ 'ദ ഡോൺ' (The Dawn) ചിത്രീകരണം ഉടൻ തന്നെ ആരംഭിക്കുമെന്നും, അതിനുശേഷം ചിത്രത്തിന്റെ ഔദ്യോഗിക റിലീസ് തീയതി പ്രഖ്യാപിക്കുമെന്നും പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർ ജോസ് വർഗീസ് അറിയിച്ചു.

​ജോയ് കെ. മാത്യുവിന്റെ ചലച്ചിത്ര ജീവിതത്തിലെ ഇരുപത്തിരണ്ടാമത്തെ പ്രൊജക്റ്റാണ് 'ടുമോറോ'. 1992-ൽ ദൂരദർശൻ സംപ്രേഷണം ചെയ്ത ഹിറ്റ് പരമ്പര 'നൊമ്പരവീണ'യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് മലയാള ദൃശ്യമാധ്യമ രംഗത്ത് ശ്രദ്ധേയമായ നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്.

​വിവിധ ചാനലുകൾക്കും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങൾക്കുമായി അദ്ദേഹം നിർമ്മിച്ച അഭയം, സഹനം, ദാനം, മരണാനന്തരം, കാണാക്കാഴ്ചകൾ, ആത്മാക്കളുടെ നൊമ്പരം, വിശ്വാസം, വറുതിക്കാലത്തെ വസന്തം, ജലസ്പർശം കൊതിക്കുന്ന വേരുകൾ, ഡിപ്പെൻഡൻസ്, ഗോസ്റ്റ് പാരഡൈസ് തുടങ്ങിയ 17 ചിത്രങ്ങളിൽ അദ്ദേഹം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുകയും രചനയും സംവിധാനവും നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ 'നൊമ്പരവീണ' ബെന്നി കുര്യനും, 'സഹനം' കൃഷ്ണജിത്തും, 'ആത്മാക്കളുടെ നൊമ്പരം' സാബു വിശ്വത്തിലും, 'അഭയം', 'ദാനം' എന്നീ ചിത്രങ്ങൾ നാസർ കല്ലറയ്ക്കലുമാണ് സംവിധാനം ചെയ്തത്.

​ഇവ കൂടാതെ 'സേവ്യർ ഓഫ് ട്രീസ്', 'പുനർജ്ജനി തേടുന്ന പാർവ്വതി പുത്തനാർ', മദർ തെരേസയുടെ ജീവിതം പ്രമേയമാക്കിയ 'ദി എയ്ഞ്ചൽ ഓഫ് ടെൻഡർനെസ്സ്', 'സല്യൂട്ട് ദി നേഷൻസ്' എന്നീ പ്രശസ്തമായ ഡോക്യുമെന്ററികളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ധാർമിക മൂല്യങ്ങൾക്കും കുടുംബബന്ധങ്ങൾക്കും പ്രാധാന്യം നൽകുന്നതോടൊപ്പം ഒരു പൗരന്റെ സാമൂഹിക ഉത്തരവാദിത്വങ്ങൾ കൂടി ഓർമ്മിപ്പിക്കുന്നവയാണ് ജോയ് കെ. മാത്യുവിന്റെ ഓരോ സൃഷ്ടികളുമെന്ന് ഈ ചിത്രവും അടിവരയിടുന്നു.