ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചുവിട്ടു
പിണ്ടിമന, കോട്ടപ്പടി മേഖലകളിൽ നാശനഷ്ടമുണ്ടാക്കിയ മോഴയാനയെ മയക്കുവെടി വെച്ച് പിടികൂടി. പരിക്കേറ്റ ആനയ്ക്ക് ചികിത്സ നൽകിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് കരിമ്പാനി വനമേഖലയിലേക്ക് അയച്ചു.
ജനവാസമേഖലയിൽ ഭീതിപരത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി; റേഡിയോ കോളർ ഘടിപ്പിച്ച് വനത്തിലേക്ക് തിരിച്ചുവിട്ടു
കോതമംഗലം: പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളിലെ ജനവാസമേഖലകളിൽ നിരന്തരം പ്രവേശിച്ച് നാശനഷ്ടങ്ങളും ഭീതിയും വിതച്ച കാട്ടാനയെ (മോഴയാന) വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടി. മലയാറ്റൂർ ഡിവിഷനിലെ കോടനാട് റേഞ്ച്, മേയ്ക്കാപ്പാല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഏതാനും ആഴ്ചകളായി തമ്പടിച്ചിരുന്ന ആനയെയാണ് വിദഗ്ദ്ധ സംഘം നിയന്ത്രണവിധേയമാക്കിയത്. ആനയ്ക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം റേഡിയോ കോളർ ഘടിപ്പിച്ച് കരിമ്പാനി വനമേഖലയിലേക്ക് തിരിച്ചുവിട്ടു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ അനുമതിയോടെ രൂപീകരിച്ച വിദഗ്ദ്ധ സമിതിയുടെ ശുപാർശപ്രകാരമാണ് നടപടി.
വ്യാഴാഴ്ച (ജൂൺ 25) പുലർച്ചെ 5.30-ഓടെയാണ് വെറ്ററിനറി ഡോക്ടർമാരായ ഡോ. ബിനോയ് സി. ബാബു (കോടനാട് അഭയാരണ്യം), ഡോ. മിഥുൻ ഒ.വി (തൃശൂർ) എന്നിവരുടെ നേതൃത്വത്തിൽ ദൗത്യം ആരംഭിച്ചത്. രാവിലെ 8.30-ഓടെ ആനയ്ക്ക് ആദ്യ മയക്കുവെടി വെച്ചെങ്കിലും ആന ഉൾവനത്തിലേക്ക് നീങ്ങി. തുടർന്ന് നീണ്ട പരിശ്രമത്തിനൊടുവിൽ ഉച്ചയ്ക്ക് 2.00-നും വൈകിട്ട് 3.30-നും വീണ്ടും മയക്കുവെടി വെച്ചാണ് ആനയെ പൂർണ്ണമായും നിയന്ത്രണവിധേയമാക്കിയത്.
വായയ്ക്കുള്ളിൽ ഗുരുതര പരിക്ക്; സ്ഫോടകവസ്തുവെന്ന് സംശയം
നിയന്ത്രണവിധേയമാക്കിയ ആനയെ വെറ്ററിനറി ഡോക്ടർമാരുടെ സംഘം പരിശോധിച്ചപ്പോൾ ഇടതുവശത്തെ മുൻ നിരപ്പല്ലിൻ്റെ ഭാഗത്ത് ഗുരുതരമായ ക്ഷതം കണ്ടെത്തി. തോട്ടങ്ങളിലോ മറ്റോ വെക്കുന്ന സ്ഫോടകവസ്തു (പന്നിപ്പടക്കം പോലുള്ളവ) കടിച്ചതുമൂലം ഉണ്ടായ പരിക്കാകാം ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റ ഭാഗം വൃത്തിയാക്കി അണുബാധ ഒഴിവാക്കുന്നതിനായി ആൻ്റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകി വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കി.
തുടർ നിരീക്ഷണത്തിന് റേഡിയോ കോളർ
ചികിത്സയ്ക്ക് ശേഷം വൈകിട്ട് 5.00-ഓടെ ആനയുടെ ശരീരത്തിൽ റേഡിയോ കോളർ ഘടിപ്പിച്ചു. ഇതിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ച് ആനയുടെ സഞ്ചാരപഥം ഓരോ പത്ത് മിനിറ്റിലും വനംവകുപ്പിന് നിരീക്ഷിക്കാൻ സാധിക്കും. ആന വീണ്ടും ജനവാസ മേഖലയിലേക്ക് പ്രവേശിക്കാൻ തുനിഞ്ഞാൽ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ഇത് സഹായിക്കും.
ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. വെങ്കടേശ്വരൻ, കോടനാട് റേഞ്ച് ഓഫീസർ ലുധീഷ് ഇ. ബി, തുണ്ടത്തിൽ റേഞ്ച് ഓഫീസർ നിഖിൽ ജേറോം, കുട്ടമ്പുഴ റേഞ്ച് ഓഫീസർ മുരളീദാസ് വി. പി, മേയ്ക്കാപ്പാല ഡെപ്യൂട്ടി റേഞ്ചർ ദിധീഷ്, ആർ.ആർ.ടി മലയാറ്റൂർ ഡെപ്യൂട്ടി റേഞ്ചർ അബിൻ, കൺസർവേഷൻ ബയോളജിസ്റ്റ് അർജുൻ സി. പി, എൻ.ജി.ഒ പ്രതിനിധി ഹരിപ്രസാദ് എന്നിവരടങ്ങുന്ന വലിയൊരു സംഘമാണ് ദൗത്യത്തിൽ പങ്കാളികളായത്. മലയാറ്റൂർ ആർ.ആർ.ടി, മേയ്ക്കാപ്പാല, ഭൂതത്താൻകെട്ട്, പെരുന്തോട് ഫോറസ്റ്റ് സ്റ്റേഷനുകളിലെ ജീവനക്കാരും ഒപ്പമുണ്ടായിരുന്നു.
ദൗത്യത്തിന് മുന്നോടിയായി ബുധനാഴ്ച (ജൂൺ 24) നേച്ചർ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജ്യോതിഷ് ജെ. ഒഴക്കൽ, കോടനാട് റേഞ്ച് ഓഫീസർ ഇ. ബി. ലുധീഷ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുമായും പ്രദേശവാസികളുമായും യോഗം ചേർന്ന് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു.