പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം
എറണാകുളം നിയോജകമണ്ഡലത്തിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം അവലോകന യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ
പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കണം: അവലോകന യോഗത്തിൽ ടി.ജെ. വിനോദ് എം.എൽ.എ
കൊച്ചി: എറണാകുളം നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം ചേർന്നു. ടി.ജെ. വിനോദ് എം.എൽ.എയുടെയും ജില്ലാ കളക്ടർ ജി. പ്രിയങ്കയുടെയും നേതൃത്വത്തിൽ കളക്ടറുടെ ചേംബറിലായിരുന്നു യോഗം.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് എം.എൽ.എ നിർദ്ദേശിച്ചു. ഓരോ പദ്ധതിയുടെയും പുരോഗതി കൃത്യമായ ഇടവേളകളിൽ വിലയിരുത്തണം. നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ അടിയന്തരമായി പരിഹരിച്ച് ജനങ്ങൾക്ക് പദ്ധതികളുടെ പ്രയോജനം വേഗത്തിൽ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' പദ്ധതിയുടെ ഭാഗമായി നടക്കുന്ന മുല്ലശ്ശേരി കനാൽ നവീകരണ പ്രവർത്തനങ്ങളും യോഗം വിശദമായി ചർച്ച ചെയ്തു. കനാൽ നവീകരണം എത്രയും വേഗം പൂർത്തിയാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി.
അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് വിനോദ് രാജ്, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

