സതേൺ കേരള ഇക്കണോമിക് കോറിഡോർ വരുന്നു ആലപ്പുഴ ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനമാകും, വിനോദസഞ്ചാരത്തിന് ഗ്രീൻ മാർഷൽസ്
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ച് സതേൺ കേരള ഇക്കണോമിക് കോറിഡോർ സ്ഥാപിക്കുന്നു. ആലപ്പുഴയെ ബ്ലൂ ഇക്കണോമി തലസ്ഥാനമാക്കാനും വിനോദസഞ്ചാര മേഖലയ്ക്കായി ഗ്രീൻ മാർഷൽസ് പദ്ധതി നടപ്പിലാക്കാനും ബജറ്റ് പ്രഖ്യാപനം
സതേൺ കേരള ഇക്കണോമിക് കോറിഡോർ യാഥാർത്ഥ്യത്തിലേക്ക്; ആലപ്പുഴ രാജ്യത്തിന്റെ 'ബ്ലൂ ഇക്കണോമി' തലസ്ഥാനമാകും
ആലപ്പുഴ: തെക്കൻ കേരളത്തിന്റെ സാമ്പത്തിക-വ്യാവസായിക മേഖലകളിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന "സതേൺ കേരള ഇക്കണോമിക് കോറിഡോർ" പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളെ സംയോജിപ്പിച്ചാണ് ഈ വികസന ഇടനാഴി രൂപീകരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആലപ്പുഴയെ ഇന്ത്യയുടെ 'ബ്ലൂ ഇക്കണോമി' (കടൽ കേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥ) തലസ്ഥാനമായി വികസിപ്പിക്കുമെന്നതാണ് ബജറ്റിലെ പ്രധാന ആകർഷണം.
ഇടനാഴിയെ മൂന്ന് പ്രധാന മേഖലകളായി തിരിച്ചാണ് വികസനം നടപ്പിലാക്കുക:
മേഖല 1 (തിരുവനന്തപുരം): നോളജ് ആൻഡ് സ്പേസ് ടെക് ഹബ്.
മേഖല 2 (കൊല്ലം): ധാതു മേഖല (Mineral Zone).
മേഖല 3 (ആലപ്പുഴ): ഇന്ത്യയുടെ ബ്ലൂ ഇക്കണോമി തലസ്ഥാനം.
ടൂറിസം മേഖലയ്ക്ക് മാറ്റുകൂട്ടാൻ 'ഗ്രീൻ മാർഷൽസ്'
വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സുരക്ഷയും ശുചിത്വവും ഉറപ്പാക്കാൻ സ്ത്രീകളെ ഉൾപ്പെടുത്തി 'ഗ്രീൻ മാർഷൽസ്' എന്ന പുതിയ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും. ഫോർട്ട് കൊച്ചി, മൂന്നാർ, കോവളം, ആലപ്പുഴ തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തിൽ ഈ പദ്ധതി നടപ്പിലാക്കുക. സ്ത്രീകൾക്ക് പ്രത്യേക പരിശീലനം നൽകി ശുചിത്വം, ഉത്തരവാദിത്ത ടൂറിസം, പരിസ്ഥിതി അവബോധം എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
ആലപ്പുഴയുടെ സമഗ്ര വികസനത്തിന് വൻ പദ്ധതികൾ
ആലപ്പുഴ ജില്ലയുടെ വികസനത്തിനായി ആരോഗ്യ-ടൂറിസം മേഖലകളിൽ വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനായി തുക വകയിരുത്തി.
ടൂറിസം വികസനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ:
മെഗാ ടൂറിസം സർക്യൂട്ട്: മുൻ യു.പി.എ സർക്കാരിന്റെ കാലത്ത് കേന്ദ്രസഹായത്തോടെ ആരംഭിച്ച മെഗാ ടൂറിസം സർക്യൂട്ട് പദ്ധതിയിലെ അമിനിറ്റി സെന്ററുകളും ഹൗസ് ബോട്ട് ടെർമിനലുകളും ആധുനിക രീതിയിൽ പരിഷ്കരിക്കും. ഹൗസ് ബോട്ടുകൾക്കായി ആലപ്പുഴയിൽ പ്രത്യേക മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കും.
തീർത്ഥാടന ടൂറിസം സർക്യൂട്ട്: അർത്തുങ്കൽ ബസിലിക്ക, അമ്പലപ്പുഴ ക്ഷേത്രം, കാക്കാഴം പള്ളി, മണ്ണാറശ്ശാല, കൃഷ്ണപുരം കൊട്ടാരം, മാതാ അമൃതാനന്ദമയി മഠം, ഓച്ചിറ ക്ഷേത്രം എന്നിവയെ കോർത്തിണക്കി വിപുലമായ തീർത്ഥാടന ടൂറിസം പദ്ധതി നടപ്പാക്കും.
പാതിരാമണൽ ഇക്കോടൂറിസം: പാതിരാമണൽ ദ്വീപിന്റെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഒപ്പം മുഹമ്മ ജെട്ടിയിൽ നിന്ന് പാതിരാമണലിലേക്ക് സഞ്ചാരികൾക്കായി റോപ് വേ സൗകര്യം ഏർപ്പെടുത്തും.
കയർ മേഖലയ്ക്ക് 107.64 കോടി രൂപ; വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങൾ
പരമ്പരാഗത കയർ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി വലിയ സാമ്പത്തിക സഹായമാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. കയർ മേഖലയ്ക്കായി ആകെ 107.64 കോടി രൂപ വകയിരുത്തി. കയറുൽപ്പന്നങ്ങളുടെ വിദേശ കയറ്റുമതി വർദ്ധിപ്പിക്കാൻ സർക്കാർ പ്രത്യേക സഹായം നൽകും.
ഉൽപ്പന്നങ്ങളുടെ വില സ്ഥിരത ഫണ്ടിലേക്ക് 35 കോടി രൂപയും, വിപണി വികസന സഹായമായി (Market Development Assistance) 10 കോടി രൂപയും മാറ്റിവെച്ചു. കൂടാതെ കയറുൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വിപണനം, കയറ്റുമതി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിക്കായി 11 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
എക്സൈസ് മാതൃകാ ഓഫീസ്
മാവേലിക്കര റേഞ്ചിൽ നിന്നും ചെട്ടിക്കുളങ്ങര, ഭരണിക്കാവ് പഞ്ചായത്തുകളും, കായംകുളം റേഞ്ചിൽ നിന്നും പത്തിയൂർ പഞ്ചായത്തും, നൂറനാട് റേഞ്ചിൽ നിന്നും വള്ളിക്കുന്നം പഞ്ചായത്തും ഉൾപ്പെടുത്തി പുതിയ മാതൃകാ എക്സൈസ് റേഞ്ച് ഓഫീസ് സ്ഥാപിക്കുമെന്നും ബജറ്റിൽ വ്യക്തമാക്കുന്നു

