വിവാഹം കഴിക്കാൻ നിർബന്ധിച്ചു നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊന്നു, യുവാവ് കീഴടങ്ങി
ചെറുതുരുത്തിയിലെ ലോഡ്ജിൽ മലപ്പുറം സ്വദേശിയായ നൃത്താധ്യാപിക ധനലക്ഷ്മിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ കൂടെയുണ്ടായിരുന്ന ചേനംകുളങ്ങാട്ടിൽ വിബീഷ് തേഞ്ഞിപ്പലം പൊലീസിൽ കീഴടങ്ങി.
ചെറുതുരുത്തിയിൽ നൃത്താധ്യാപിക ലോഡ്ജ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായിരുന്ന യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ചെറുതുരുത്തി: തൃശൂർ ചെറുതുരുത്തിയിലെ ലോഡ്ജ് മുറിയിൽ നൃത്താധ്യാപികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മലപ്പുറം ചേറൂർ കണ്ണമംഗലം സ്വദേശിനിയും നൃത്താധ്യാപികയുമായ ധനലക്ഷ്മി (56) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരോടൊപ്പം മുറിയെടുത്ത് താമസിച്ചിരുന്ന മലപ്പുറം ചേനംകുളങ്ങാട്ടിൽ സ്വദേശി വിബീഷിനെ (41) പൊലീസ് കസ്റ്റഡിയിലെടുത്തു.
ചൊവ്വാഴ്ച വൈകിട്ടാണ് ഇരുവരും ചെറുതുരുത്തിയിലെ ലോഡ്ജിൽ മുറിയെടുത്തത്. ബുധനാഴ്ച രാവിലെയോടെ വിബീഷ് മലപ്പുറം തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നു. തുടർന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്
വിവാഹിതയായ ധനലക്ഷ്മിയും അവിവാഹിതനായ വിബീഷും തമ്മിൽ ഏറെനാളത്തെ പരിചയമുണ്ട്. തന്നെ വിവാഹം കഴിക്കണമെന്ന് ധനലക്ഷ്മി നിരന്തരം നിർബന്ധിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
വിവരമറിഞ്ഞ് കുന്നംകുളം എസിപി മുരളീധരൻ, ചെറുതുരുത്തി ഇൻസ്‌പെക്ടർ രാജേന്ദ്രൻ നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. കീഴടങ്ങിയ പ്രതി വിബീഷിനെ രാത്രിയോടെ ചെറുതുരുത്തിയിലെത്തിച്ച് തെളിവെടുപ്പ് ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് പൊലീസ് അറിയിച്ചു.