കഴിയുമെങ്കിൽ വന്ന് പിടിക്ക് ഒളിവിലിരുന്ന് അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെ, അന്വേഷണ ഉദ്യോഗസ്ഥനായ ഊന്നുകൽ സിഐക്കെതിരെ വീണ്ടും വെല്ലുവിളിയുമായി അർജുൻ ആയങ്കി. കീഴടങ്ങാമെന്ന് അറിയിച്ചിട്ടും പൊലീസ് സുഹൃത്തുക്കളുടെ പിന്നാലെ പോയെന്ന് ആരോപിച്ചാണ് ഒളിവിലിരുന്ന് ഭീഷണി സന്ദേശം പങ്കുവെച്ചത്.
കഴിയുമെങ്കിൽ വന്ന് പിടിക്ക്': അന്വേഷണ ഉദ്യോഗസ്ഥനും വെല്ലുവിളി; കോതമംഗലം സിഐയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിലിരുന്ന് അർജുൻ ആയങ്കിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
കോതമംഗലം: പൊലീസിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും പരസ്യമായി വെല്ലുവിളിച്ച് ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി വീണ്ടും രംഗത്ത്. കോതമംഗലം ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഊന്നുകൽ ഇൻസ്പെക്ടർക്കാണ് അർജുൻ ആയങ്കി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുന്നത്.
കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ചിട്ടും പൊലീസ് തന്റെ സുഹൃത്തുക്കളെ വേട്ടയാടുകയാണെന്ന് ആരോപിച്ചാണ് ആയങ്കി വീണ്ടും രംഗത്തെത്തിയത്. ഒളിവിലിരിക്കുന്ന തന്നെ പിടികൂടാൻ സാധിക്കുമെങ്കിൽ പിടിക്കാനും സമൂഹമാധ്യമത്തിൽ പങ്കുവെച്ച സന്ദേശത്തിൽ ഇയാൾ വെല്ലുവിളിക്കുന്നു.
ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളി
കോതമംഗലം എസ്.എച്ച്.ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയതിന് എടുത്ത കേസിൽ അർജുൻ ആയങ്കി നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും, ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തിൽ ഇടപെടാനും സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം ജസ്റ്റിസ് കൗസർ എടപ്പഗത്ത് അംഗീകരിക്കുകയായിരുന്നു. കേസിന്റെ ഗൗരവവും അന്വേഷണത്തിന്റെ തുടക്കഘട്ടവും കണക്കിലെടുത്താണ് കോടതി മുൻകൂർ ജാമ്യം നിരസിച്ചത്.
"ജാമ്യം എടുത്തിട്ടേ ഇനി വരുന്നുള്ളൂ"
ഹൈക്കോടതി വിധിക്ക് പിന്നാലെ താൻ ഊന്നുകൽ സിഐക്ക് കീഴടങ്ങാമെന്ന് കാണിച്ച് സന്ദേശമയച്ചിരുന്നതായി അർജുൻ പറയുന്നു. എന്നാൽ ഇതിനുശേഷവും പൊലീസ് സുഹൃത്തുക്കളുടെ ലൊക്കേഷൻ തിരഞ്ഞുപിടിച്ച് പോയതാണ് ഇയാളെ ചൊടിപ്പിച്ചത്.
"കീഴടങ്ങാം, സ്റ്റേഷനിലേക്ക് വരാം എന്ന് പറഞ്ഞിട്ടും നിനക്ക് എന്നെ അങ്ങ് പിടിച്ചേ മതിയാവൂ എന്നുണ്ടെങ്കിൽ, നീ എന്നെ വന്ന് പിടിക്ക്. നീ വന്ന് പിടിച്ചിട്ട് ഉണ്ടാക്കിയാൽ മതി. ഞാൻ ഏതായാലും ഹൈക്കോടതിയിൽ നിർത്തണം എന്ന് വിചാരിച്ചതാ. ഞാൻ ഇനി ജാമ്യം എടുത്തിട്ടേ വരുന്നുള്ളൂ. അതിനുമുമ്പേ നിനക്ക് എന്നെ പിടിക്കാൻ പറ്റുമെങ്കിൽ, നീ പിടിക്ക്" — അർജുൻ ആയങ്കി പോസ്റ്റിൽ പറയുന്നു.
ഇതിനുപുറമെ കോതമംഗലം ഇൻസ്പെക്ടർക്കെതിരെയുള്ള ഭീഷണിയും ഇയാൾ ആവർത്തിച്ചു:
"എന്നെ വേറൊരു കേസിൽ, അനാവശ്യമായിട്ട് ഒരു കേസിൽ എന്നെയും എന്റെ സുഹൃത്തുക്കളെയും കൂട്ടിക്കൊണ്ടുപോയി 21 ദിവസം ജയിലിൽ കിടത്തിയ ആള് നിന്റെ ആളായിരിക്കും. അപ്പോ അവന് കൊടുക്കേണ്ടത് കൊടുത്തിട്ടുമില്ല ഇതുവരെ. അത് സമയമാകുമ്പോൾ ഞാൻ കൊടുക്കും."
മറ്റൊരു കേസ് കൂടി എടുത്തേക്കും
അന്വേഷണ ഉദ്യോഗസ്ഥരെയും പൊലീസിനെയും തുടർച്ചയായി ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തിൽ അർജുൻ ആയങ്കിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നിയമപരമായ തുടർനടപടികൾ സ്വീകരിച്ചു വരികയാണെന്നും ഊന്നുകൽ പൊലീസ് വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം
നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തലേന്ന് കോതമംഗലത്ത് പുന്നേക്കാടുള്ള റിസോർട്ടിൽ വെച്ച് സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിലാണ് അർജുൻ ആയങ്കി ഉൾപ്പെടെയുള്ള ആറംഗ സംഘത്തെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ അഴീക്കൽ സ്വദേശി അർജുൻ ആയങ്കി (29), ആദർശ് (29), പ്രണവ് (29), ധനീഷ് (39), അരുൺ (38), ടാൻസൺ (34) എന്നിവരായിരുന്നു അന്ന് അറസ്റ്റിലായത്.
എന്നാൽ സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ തങ്ങൾ ഡാൻസ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു അർജുൻ ആയങ്കിയുടെ വാദം. ഈ കേസിൽ 21 ദിവസം ജയിൽശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ കോതമംഗലം ഇൻസ്പെക്ടർക്കെതിരെ പരസ്യ ഭീഷണിയുമായി രംഗത്തെത്തിയത്