കൈവശഭൂമിക്ക് പട്ടയം നൽകുന്നത് ഹൈക്കോടതി തടഞ്ഞു

കേരളത്തിൽ കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ ഹൈക്കോടതി താൽക്കാലികമായി നിർത്തിവച്ചു. കോടതി മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന പരാതിയിലാണ് നടപടി.

കൈവശഭൂമിക്ക് പട്ടയം നൽകുന്നത് ഹൈക്കോടതി തടഞ്ഞു
കൈവശഭൂമിക്ക് പട്ടയം നൽകുന്നത് ഹൈക്കോടതി തടഞ്ഞു; ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണം

​കൈവശഭൂമിക്ക് പട്ടയം നൽകുന്നത് ഹൈക്കോടതി തടഞ്ഞു; ചീഫ് സെക്രട്ടറി സത്യവാങ്മൂലം നൽകണം

​കൊച്ചി: സംസ്ഥാനത്ത് കൈവശഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികൾ ഹൈക്കോടതി താത്കാലികമായി നിർത്തിവച്ചു. പട്ടയവിതരണവുമായി ബന്ധപ്പെട്ട് കോടതി മുൻപ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പൂർണമായി പാലിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.

​നേരത്തെ, 2024 ജനുവരി 10 മുതൽ പട്ടയവിതരണത്തിന് നിലനിന്നിരുന്ന സ്റ്റേ ഇതേ ബെഞ്ച് നീക്കിയിരുന്നു. എന്നാൽ, കോടതി നിശ്ചയിച്ച കർശനമായ മാനദണ്ഡങ്ങൾ ലംഘിച്ചാണ് സർക്കാർ പട്ടയവിതരണം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇടുക്കിയിൽ മാത്രം ആയിരത്തിലധികം പട്ടയങ്ങൾ ഇത്തരത്തിൽ നിയമം ലംഘിച്ച് നൽകിയെന്ന് ഹർജിക്കാർ ആരോപിച്ചു.

​പട്ടയം ലഭിക്കുന്ന ഓരോ വ്യക്തിയുടെ കാര്യത്തിലും കോടതി നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചീഫ് സെക്രട്ടറി നേരിട്ട് ബോധ്യപ്പെടുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. നടപടിക്രമങ്ങൾ നേരത്തെ പൂർത്തിയായതാണെന്നും സ്റ്റേ നീക്കിയതോടെ വിതരണം പുനരാരംഭിക്കുകയായിരുന്നുവെന്നുമുള്ള സർക്കാരിന്റെ വാദം കോടതി പൂർണ്ണമായി അംഗീകരിച്ചില്ല. തുടർന്നാണ് എല്ലാ തുടർനടപടികളും നിർത്തിവയ്ക്കാൻ ഉത്തരവിട്ടത്.

​1971 ഓഗസ്റ്റ് ഒന്നിന് മുൻപ് ഭൂമി കൈവശം വച്ചിട്ടുള്ളവരെ കുടിയേറ്റക്കാരായി കണക്കാക്കി പട്ടയം നൽകാനായിരുന്നു സർക്കാർ ചട്ടം രൂപീകരിച്ചിരുന്നത്. 1964-ലെ ചട്ടത്തിൽ സമയപരിധി ഇല്ലാതിരുന്നത് ദുരുപയോഗം ചെയ്യപ്പെടുന്നത് തടയാനാണ് 1971 എന്ന തീയതി നിശ്ചയിച്ചതെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ വിതരണ പ്രക്രിയയിൽ വീഴ്ചയുണ്ടായെന്ന പരാതിയിലാണ് ഇപ്പോൾ കോടതി വീണ്ടും ഇടപെട്ടിരിക്കുന്നത്.