മന്ത്രിയുടെ വാക്ക് പാഴായി സ്ഥലം വിട്ടുനൽകിയ ആശ്രമത്തിന് കിട്ടിയത് 29,200 രൂപയുടെ വാട്ടർ ബിൽ
ചക്കുപള്ളം ശ്രീനാരായണ ധർമാശ്രമത്തിന് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ സൗജന്യ ജല വാഗ്ദാനം നടപ്പായില്ല. ഒടുവിൽ വൻതുക ബില്ലടച്ച് ആശ്രമം.
വാഗ്ദാനം ജലരേഖയായി; മന്ത്രി പറഞ്ഞത് വിശ്വസിച്ച് ബില്ലടച്ചില്ല, ഒടുവിൽ ആശ്രമത്തിന് കിട്ടിയത് എട്ടിന്റെ പണി!
ചക്കുപള്ളം: ജല അതോറിറ്റിക്ക് ടാങ്ക് നിർമിക്കാൻ സൗജന്യമായി സ്ഥലം വിട്ടുനൽകിയ ശ്രീനാരായണ ധർമാശ്രമത്തിന് മന്ത്രി റോഷി അഗസ്റ്റിൻ നൽകിയ വാഗ്ദാനം പാഴായി. മന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് വാട്ടർ ബില്ലടക്കാതിരുന്ന ആശ്രമത്തിന്, കണക്ഷൻ വിച്ഛേദിക്കുമെന്ന നോട്ടീസ് ലഭിച്ചതോടെ ഒടുവിൽ 29,200 രൂപ പിഴയടക്കം കെട്ടിവെക്കേണ്ടി വന്നു.
ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കുമളി മുതൽ കരുണാപുരം വരെയുള്ള പഞ്ചായത്തുകളിൽ ജലമെത്തിക്കാനാണ് ചക്കുപള്ളം ഒട്ടകത്തലമേട്ടിൽ ടാങ്ക് നിർമിക്കാൻ തീരുമാനിച്ചത്. ഇതിനായി ധർമാശ്രമത്തിന്റെ 8 സെന്റ് സ്ഥലം വിട്ടുനൽകണമെന്ന് അതോറിറ്റി ആവശ്യപ്പെടുകയായിരുന്നു. ശിവഗിരി മഠത്തിന്റെ അനുമതിയോടെ സ്ഥലം സൗജന്യമായി നൽകുകയും ചെയ്തു. ഇതിന് പ്രത്യുപകാരമായാണ് അണക്കരയിൽ നടന്ന ഉദ്ഘാടന വേദിയിൽ വെച്ച് മന്ത്രി റോഷി അഗസ്റ്റിൻ ആശ്രമത്തിന് സൗജന്യമായി വെള്ളം നൽകുമെന്ന് പ്രഖ്യാപിച്ചത്.
മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ, സ്ഥലത്തെത്തിയ ഉദ്യോഗസ്ഥരും ബില്ലടയ്ക്കേണ്ടതില്ലെന്ന് ഉറപ്പുനൽകി. എന്നാൽ മാസങ്ങൾ കഴിഞ്ഞപ്പോൾ ഉദ്യോഗസ്ഥർ മാറുകയും പുതിയവർ വരികയും ചെയ്തതോടെ സ്ഥിതി മാറി. പണമടയ്ക്കാത്തതിനെത്തുടർന്ന് നോട്ടീസ് ലഭിച്ചപ്പോൾ ആശ്രമം അധികൃതർ മന്ത്രിയെ വീണ്ടും സമീപിച്ചെങ്കിലും 'പണമടയ്ക്കേണ്ടതില്ല, നിർദേശം നൽകാം' എന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ മൂന്ന് തവണ മന്ത്രിയുടെ ഓഫീസിൽ ബന്ധപ്പെട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ കണക്ഷൻ കട്ട് ചെയ്യുമെന്ന് പീരുമേട് സബ് ഡിവിഷൻ ഓഫീസിൽ നിന്നും കർശന മുന്നറിയിപ്പ് ലഭിച്ചതോടെ ആശ്രമം അധികൃതർ പണമടയ്ക്കാൻ നിർബന്ധിതരാവുകയായിരുന്നു.

