കളമശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ കവർച്ച റെയിൽവേ തൂണിൽ തലയിടിപ്പിച്ചു, സ്വർണവും ഐഫോണും കവർന്നു
കളമശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. മർദ്ദിച്ച് അവശയാക്കിയ ശേഷം ഐഫോണും സ്വർണവും കവർന്നു. പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി.
കളമശേരിയിൽ യുവതിക്ക് നേരെ ക്രൂരമായ കവർച്ച: റെയിൽവേ തൂണിൽ തലയിടിപ്പിച്ചു; ഐഫോണും സ്വർണവും കവർന്നു
കൊച്ചി: കളമശേരിയിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന 23 വയസ്സുകാരിക്ക് നേരെ അതിക്രൂരമായ ആക്രമണവും കവർച്ചയും. കണ്ണൂർ പാപ്പിനിശേരി സ്വദേശി ജസ്ന ഫാത്തിമയാണ് ആക്രമിക്കപ്പെട്ടത്. യുവതിയെ മർദ്ദിച്ചവശയാക്കിയ ശേഷം മുക്കാൽ പവന്റെ മാലയും കമ്മലും ഐഫോണും അക്രമി തട്ടിയെടുത്തു. നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്.
ഞായറാഴ്ച രാത്രി 8.15-ഓടെ തൃക്കാക്കര നോർത്ത് സെന്റ് ജോസഫ് പള്ളിക്ക് സമീപമായിരുന്നു സംഭവം. ഹോസ്റ്റലിലേക്ക് നടന്നുപോകുകയായിരുന്ന ജസ്നയെ പിന്തുടർന്നെത്തിയ അക്രമി, തലയിലൂടെ തുണിയിട്ട് മൂടിയ ശേഷം ചവിട്ടി വീഴ്ത്തുകയായിരുന്നു. തുടർന്ന് റെയിൽവേ തൂണിൽ തലയിടിപ്പിക്കുകയും കല്ല് കൊണ്ട് മർദ്ദിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനത്തിന് ശേഷം സ്വർണാഭരണങ്ങളും ഫോണുമായി പ്രതി ഇരുട്ടിൽ മറഞ്ഞു.
രക്തം വാർന്ന നിലയിൽ സമീപത്തെ സുഹൃത്തുക്കളുടെ വീട്ടിലെത്തിയ ജസ്ന അവിടെ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ കളമശേരി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. എച്ച്എംടി ജംക്‌ഷനിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും ലഹരി മാഫിയാ സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

