സീമ വിനീത് ബിജെപിയിൽ ചേർന്നു 15 ട്രാൻസ്ജെൻഡർ വ്യക്തികളെ ഷാൾ അണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
സോഷ്യൽ മീഡിയ താരം സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡർ വ്യക്തികൾ ബിജെപിയിൽ ചേർന്നു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അംഗത്വം നൽകി സ്വീകരിച്ചു.
സീമ വിനീത് ഉൾപ്പെടെ 15 ട്രാൻസ്ജെൻഡർ വ്യക്തികൾ ബിജെപിയിൽ ചേർന്നു; സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും ഇവർ അംഗത്വം സ്വീകരിച്ചു. സീമ വിനീതിന് പുറമെ ഭരതനാട്യം കലാകാരി അദ്രിജ, ശ്രീക്കുട്ടി നമി എന്നിവരടക്കം ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള 15 പേരാണ് ഇന്ന് പാർട്ടിയിൽ അണിചേർന്നത്.
എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വികസന രാഷ്ട്രീയമാണ് ബിജെപി ലക്ഷ്യം വെക്കുന്നതെന്ന് പുതിയ അംഗങ്ങളെ സ്വീകരിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻപും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ളവർ ബിജെപിയിൽ ചേർന്നിട്ടുണ്ടെങ്കിലും, ഒരേസമയം ഇത്രയധികം പേർ എത്തുന്നത് പാർട്ടിയുടെ സ്വാധീനം വർദ്ധിക്കുന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ സ്ഥാനാർത്ഥികളാകുമോ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ സംസ്ഥാന അധ്യക്ഷൻ തയ്യാറായില്ല. എന്നാൽ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക സമൂഹത്തിന്റെ എല്ലാ കോണുകളിൽ നിന്നുമുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒന്നായിരിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

