ലഹരി തടയാൻ പോലീസ് എക്സൈസ് സംയുക്ത റെയ്ഡ് റൂറൽ ജില്ലയിൽ പരിശോധന ശക്തം
നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വിപണനവും ഉപയോഗവും തടയാൻ റൂറൽ ജില്ലാ പോലീസും എക്സൈസും സംയുക്ത പരിശോധന ആരംഭിച്ചു. പിടിക്കപ്പെടുന്നവർക്കെതിരെ കർശന നടപടി.
ലഹരി മാഫിയക്കെതിരെ 'പൂട്ടുവീഴും': നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് റൂറൽ ജില്ലയിൽ സംയുക്ത പരിശോധന ശക്തം
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ലഹരിമരുന്ന് ഉപയോഗവും വിപണനവും തടയാൻ കർശന നടപടികളുമായി റൂറൽ ജില്ലാ പോലീസും എക്സൈസും. സംസ്ഥാന പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ജില്ലാ അതിർത്തികളിലും ഉൾപ്രദേശങ്ങളിലും പരിശോധന ഊർജ്ജിതമാക്കി.
പോലീസ്, എക്സൈസ്, റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) ടീം എന്നിവർ സംയുക്തമായാണ് റെയ്ഡുകൾ സംഘടിപ്പിക്കുന്നത്. ഇതിനായി വിവിധ മേഖലകളായി തിരിച്ച് പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ലഹരി കടത്തോ വിൽപനയോ നടത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്ന വാഹനങ്ങളും വ്യക്തികളും കർശന നിരീക്ഷണത്തിലാണ്. പൊതുജനങ്ങൾക്ക് ലഹരി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിനെയോ എക്സൈസിനെയോ രഹസ്യമായി അറിയിക്കാവുന്നതാണ്.

