കേരളം വിധിയെഴുതുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മെയ് 4 ന് 15,465 ഉദ്യോഗസ്ഥർ സജ്ജം

കേരള നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മെയ് 4 ന് നടക്കും. 140 കേന്ദ്രങ്ങളിലായി 15,465 ഉദ്യോഗസ്ഥരെ നിയോഗിച്ചു. സുരക്ഷാ ക്രമീകരണങ്ങളും വോട്ടെണ്ണൽ രീതികളും അറിയാം.

കേരളം വിധിയെഴുതുന്നു നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ മെയ് 4 ന് 15,465 ഉദ്യോഗസ്ഥർ സജ്ജം
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

നിയമസഭാ തെരഞ്ഞെടുപ്പ് 2026 ന്റെ വോട്ടെണ്ണൽ മെയ് 4 നടക്കാനിരിക്കെ, അതിനു മുന്നോടിയായുള്ള നടപടിക്രമങ്ങൾ പൂർത്തിയായി രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കുമെന്നും മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു. 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ ക്രമീകരിച്ചിരിക്കുന്നത്. 140 ആർ.ഒ-മാരും 1340 അഡീഷണൽ എ.ആർ.ഒ-മാരും 4208 സൂക്ഷ്മനിരീക്ഷകരും (മൈക്രോ ഒബ്സർവർ) 4208 കൗണ്ടിംഗ് സൂപ്പർവൈസർമാരും 5563 കൗണ്ടിംഗ് അസിസ്റ്റന്റുമാരും ഉൾപ്പെടെ ആകെ 15,465 ഉദ്യോഗസ്ഥരാണ് വോട്ടെണ്ണൽ പ്രക്രിയയുടെ ഭാഗമാവുക. ഒരു റൗണ്ടിൽ പരമാവധി 14 ബൂത്തുകളിലെ ഇ.വി.എം.കളാണ് എണ്ണുന്നത്.

ആദ്യം എണ്ണിത്തുടങ്ങുന്നത് പോസ്റ്റൽ ബാലറ്റുകളാണ്. ഒരു വോട്ടെണ്ണൽ കേന്ദ്രത്തിൽ EVM ലെ വോട്ട് എണ്ണുന്നതിന് പരമാവധി 14 കൗണ്ടിംഗ് മേശകൾ ക്രമീകരിക്കും. പോസ്റ്റൽ ബാലറ്റുകൾക്ക് 500 എണ്ണത്തിന് ഒന്നെന്ന ക്രമത്തിൽ പ്രത്യേകം കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എ.ആർ.ഒ എന്ന നിലയിലും ക്രമീകരിക്കും.

പോളിംഗ് സാമഗ്രികൾ സൂക്ഷിച്ച സ്ട്രോംഗ് റൂമുകൾ സ്ഥാനാർത്ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തിൽ ഇ.സി.ഐ ഒബ്സർവറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സാക്ഷിയാക്കി, വീഡിയോ റെക്കോർഡിംഗ് നടത്തിയാണ് തുറക്കുക. വോട്ടെണ്ണുമ്പോൾ കൺട്രോൾ യൂണിറ്റിനൊപ്പം ഫോം 17 സി കൂടി മേശപ്പുറത്ത് വെക്കും.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെയും (ഇ.വി.എം) ബൂത്തിൽ പോൾ ചെയ്ത വോട്ടുകളുടെയും എണ്ണത്തിൽ വ്യത്യാസമുണ്ടെന്ന് കണ്ടാൽ വിവിപാറ്റ് സ്ലിപ്പുകൾ (വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ) എണ്ണും. വിവിപാറ്റ് സ്ലിപ്പുകളിൽ സ്ഥാനാർത്ഥിയുടെ ക്രമനമ്പറും പേരും ചിഹ്നവും ഉൾപ്പെടും.

ഇവിഎമ്മിലെ വോട്ടുകളുടെ എണ്ണം പരിശോധിച്ച ശേഷം 17 സി പാർട്ട് ഒന്ന് (Account of Votes Recorded)ലെ വിവരങ്ങളുമായി ഒത്തുനോക്കും. ഒരു ബൂത്തിൽ ഇ.വി.എമ്മിൽ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തുന്നതാണ് 17 സി പാർട്ട് ഒന്ന് (Account of Votes Recorded).

കൃത്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഓരോ റൗണ്ടിലെയും 2 EVM ഒബ്സർവർ റാൻഡമായി എണ്ണും. ഓരോ മണ്ഡലങ്ങളിലെയും 5 ബൂത്തുകളിലെ വീതം വിവിപാറ്റും നിർബന്ധമായും എണ്ണും.

രാഷ്ട്രീയ പാർട്ടികൾക്കുള്ള നിർദ്ദേശങ്ങൾ

(സ്ഥാനാർത്ഥികളും ഏജന്റുമാരും)

● ചെയ്യേണ്ടവ (Do’s):

തിരിച്ചറിയൽ കാർഡ് പ്രദർശിപ്പിക്കുക: വോട്ടെണ്ണൽ ഹാളിലുള്ള സ്ഥാനാർത്ഥികളും ഏജന്റുമാരും തങ്ങളുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് എപ്പോഴും വ്യക്തമായി കാണത്തക്ക രീതിയിൽ ധരിക്കണം.

കൃത്യസമയത്ത് എത്തുക: വോട്ടെണ്ണൽ നിശ്ചയിച്ചിട്ടുള്ള സമയത്തിന് കുറഞ്ഞത് ഒരു മണിക്കൂർ മുമ്പെങ്കിലും നിയമന ഉത്തരവിന്റെ (ഫോം 18) രണ്ടാം പകർപ്പ് റിട്ടേണിംഗ് ഓഫീസർക്ക് (RO) സമർപ്പിക്കണം.

ഉദ്യോഗസ്ഥരുമായി സഹകരിക്കുക: വോട്ടെണ്ണൽ പ്രക്രിയ സുഗമമായി നടത്തുന്നതിനായി RO, ARO എന്നിവരുടെ നിയമപരമായ നിർദ്ദേശങ്ങൾ പാലിക്കുക.

നിശ്ചിത സ്ഥലങ്ങളിൽ ഇരിക്കുക: അനുവദിക്കപ്പെട്ട ടേബിളുകളിലോ ബാരിക്കേഡിന് പിന്നിലുള്ള ഇരിപ്പിടങ്ങളിലോ മാത്രം ഇരിക്കുക.

രഹസ്യാത്മകത പാലിക്കുക: 1951-ലെ ആർ.പി ആക്ട് സെക്ഷൻ 128 പ്രകാരം വോട്ടെടുപ്പിന്റെ രഹസ്യാത്മകത പാലിക്കുക.

● ചെയ്യാൻ പാടില്ലാത്തവ (Don’ts):

ഇ.വി.എമ്മുകളിൽ തൊടരുത്.

കേന്ദ്ര/സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുകളായി നിയമിക്കാൻ പാടില്ല.

അച്ചടക്കലംഘനം പാടില്ല; ലംഘിക്കുന്നവരെ ഹാളിൽ നിന്ന് പുറത്താക്കും.

അനധികൃത പ്രവേശനം അനുവദിക്കില്ല; സാധുവായ പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം.

വോട്ടെണ്ണൽ ഹാളിനുള്ളിൽ ECI ഒബ്സർവർക്കും റിട്ടേണിംഗ് ഓഫീസർക്കും (OTP വരുന്ന ഫോൺ) മാത്രമേ മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവാദമുള്ളൂ. മറ്റുള്ളവർ മൊബൈൽ ഫോണുകൾ പുറത്ത് സജ്ജമാക്കിയിട്ടുള്ള ഡെപ്പോസിറ്റ് യൂണിറ്റിൽ നിക്ഷേപിക്കണം.

ഇൻഡക്സ് കാർഡ്

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമഗ്ര റിപ്പോർട്ടാണ് ഇൻഡക്സ് കാർഡ്. റിട്ടേണിംഗ് ഓഫീസർമാർ ഇസിഐനെറ്റിൽ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്. 48 മണിക്കൂറിനുള്ളിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിലെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം വിവരങ്ങൾ കൃത്യമെന്ന് ഉറപ്പാക്കി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.