മൂവാറ്റുപുഴയിൽ ഇക്വാലിറ്റി പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി; വില്ലനായത് പത്ത് നിർദ്ദേശകരുടെ ക്രമനമ്പറിലെ പിശക്
പത്രികയിൽ ഉൾപ്പെടുത്തിയ പത്തു നിർദ്ദേശകരുടെ പേരും ഒപ്പും രേഖപ്പെടുത്തിയിരുന്നെങ്കിലും, വോട്ടർ പട്ടികയിലെ അവരുടെ യഥാർത്ഥ ക്രമനമ്പറല്ല പത്രികയിൽ നൽകിയിരുന്നില്ല .
മൂവാറ്റുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. പത്രികയിൽ രേഖപ്പെടുത്തിയ നിർദ്ദേശകരുടെ ക്രമനമ്പറിലെ പിശകാണ് പത്രിക നിരസിക്കാൻ കാരണമായത്.
പുതിയ രാഷ്ട്രീയ പാർട്ടികൾക്ക് പത്രിക സമർപ്പിക്കുമ്പോൾ പത്തു നിർദ്ദേശകർ വേണമെന്ന നിബന്ധന പാലിക്കുന്നതിൽ വന്ന വീഴ്ചയാണ് സ്ഥാനാർത്ഥിക്ക് തിരിച്ചടിയായത്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് പാർട്ടി പ്രസിഡൻ്റിൻ്റെ നാമനിർദ്ദേശം മാത്രം മതിയെന്നിരിക്കെ, പുതിയ പാർട്ടികൾക്ക് പത്തു പേരുടെ പിന്തുണ ആവശ്യമാണ്. ഈ വിവരം വൈകി മാത്രം അറിഞ്ഞ സ്ഥാനാർത്ഥി അവസാന നിമിഷം പത്തു പേരുടെ വിവരങ്ങൾ ഉൾപ്പെടുത്തിയെങ്കിലും അതിൽ സാങ്കേതിക പിഴവുകൾ സംഭവിക്കുകയായിരുന്നു.
പ്രധാന കാരണം: പത്രികയിൽ ഉൾപ്പെടുത്തിയ പത്തു നിർദ്ദേശകരുടെ പേരും ഒപ്പും രേഖപ്പെടുത്തിയിരുന്നെങ്കിലും, വോട്ടർ പട്ടികയിലെ അവരുടെ യഥാർത്ഥ ക്രമനമ്പറല്ല പത്രികയിൽ നൽകിയിരുന്നത്. ഇലക്ഷൻ ലിസ്റ്റിലെ ക്രമനമ്പറുമായി പൊരുത്തപ്പെടാത്തതിനാൽ സൂക്ഷ്മപരിശോധന വേളയിൽ വരണാധികാരി പത്രിക തള്ളുകയായിരുന്നു.
തിരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതും അവസാന നിമിഷം പത്രിക തയ്യാറാക്കിയതുമാണ് സ്ഥാനാർത്ഥിക്ക് വിനയായത്. ഇതോടെ മണ്ഡലത്തിലെ പോരാട്ടത്തിൽ നിന്നും ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യ പുറത്തായി.

