ലക്ഷദ്വീപിൽ സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയം ടൂറിസം മേഖലയിൽ വൻ വികസന സാധ്യത
ലക്ഷദ്വീപിൽ സീപ്ലെയിൻ സർവീസിന്റെ പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. ടൂറിസം വികസനം ലക്ഷ്യമിട്ട് യാത്രാാനുമതിയിലെ കർശന വ്യവസ്ഥകളും സ്പോൺസർഷിപ്പും ഭരണകൂടം ഒഴിവാക്കിയതോടെ ദ്വീപിലേക്ക് സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്
കൊച്ചി: ലക്ഷദ്വീപിൽ വിനോദസഞ്ചാര വികസനത്തിന് പുതിയ ഊർജ്ജവും വേഗതയും പകർന്ന് സീ പ്ലെയ്ൻ സർവീസിന്റെ മുന്നോടിയായുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയായി. പ്രകൃതിസൗന്ദര്യം ആവോളമുണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ കുറവും കർശനമായ നിയമങ്ങളുടെ നൂലാമാലകളും മൂലം രാജ്യത്തിന്റെ ടൂറിസം ഭൂപടത്തിൽ ദീർഘകാലം പിന്നിലായിരുന്ന ദ്വീപ് സമൂഹം, പുതിയ ഭരണപരിഷ്കാരങ്ങളോടെ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് ലക്ഷദ്വീപ് ഭരണകൂടം അടുത്തിടെ നടപ്പാക്കിയ മാറ്റങ്ങളാണ് ഇപ്പോൾ ദ്വീപിന്റെ മുഖച്ഛായ മാറ്റുന്നത്. ദ്വീപിലേക്കുള്ള യാത്രാാനുമതിക്ക് മുൻപുണ്ടായിരുന്ന കർശന വ്യവസ്ഥകൾ, ഗതാഗത-അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, മദ്യവിലക്ക് തുടങ്ങിയ തടസ്സങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ഏതാനും മാസങ്ങളായി ഊർജിതമായ ശ്രമങ്ങളും ശക്തമായ തീരുമാനങ്ങളുമാണ് ഉണ്ടായത്. ഇതിൽ പ്രധാനമായും ദ്വീപിലേക്ക് പ്രവേശിക്കാൻ പ്രാദേശിക സ്പോൺസർഷിപ്പ് വേണമെന്ന നിബന്ധന ഒഴിവാക്കിയതോടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് നിലവിൽ ടൂർ ഓപ്പറേറ്റർമാരെ സമീപിക്കുന്നത്.
ഈ പരിഷ്കാരങ്ങൾ സഞ്ചാരികളുടെ എണ്ണത്തിലും വലിയ പ്രതിഫലനമാണ് ഉണ്ടാക്കുന്നത്. 2022 വരെ പ്രതിവർഷം പതിനായിരത്തിൽ താഴെ മാത്രം സഞ്ചാരികൾ എത്തിയിരുന്ന ലക്ഷദ്വീപിൽ, 2023-ൽ ഇത് 46,000 ആയി ഉയർന്നിരുന്നു. പുതിയ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ ഈ വർഷം സഞ്ചാരികളുടെ എണ്ണം ഇരട്ടിയിലധികമായി വർധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. 2024 ജനുവരിയിൽ പ്രഖ്യാപിച്ച സീ പ്ലെയ്ൻ പദ്ധതിക്കായി വിവിധ ദ്വീപുകളിൽ രണ്ടു വർഷം കൊണ്ട് വാട്ടർഡ്രോം സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി പൂർത്തീകരണ ഘട്ടത്തിലേക്ക് എത്തിക്കാനും കഴിഞ്ഞത് ദ്വീപ് ഭരണകൂടത്തിന് വലിയ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ബജറ്റ് വിമാനയാത്രയും പ്രാദേശിക വിമാനത്താവളങ്ങളുടെ വികസനവും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ‘ഉഡാൻ’ പദ്ധതിയിൽ ലക്ഷദ്വീപ് സീപ്ലെയിൻ സർവീസുകളെക്കൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങളും ഇപ്പോൾ സജീവമായി നടക്കുന്നുണ്ട്.
ഗതാഗത മേഖലയിലെ ഈ മുന്നേറ്റങ്ങൾക്ക് പുറമേ, കേരളത്തിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതും വിനോദസഞ്ചാര മേഖലയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നു. നിലവിലുള്ള കൊച്ചി സർവീസിന് പുറമേ, കോഴിക്കോട് ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് വരുന്ന ഓഗസ്റ്റ് മാസം മുതൽ സ്വകാര്യ കപ്പൽ സർവീസ് ആരംഭിക്കുമെന്ന പുതിയ പ്രഖ്യാപനവും പുറത്തുവന്നിട്ടുണ്ട്. സീപ്ലെയിൻ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങൾ വരുന്നതോടെ 'പണമുണ്ടെങ്കിലും ടിക്കറ്റ് കിട്ടാനില്ല' എന്ന ദ്വീപുവാസികളുടെയും സഞ്ചാരികളുടെയും ദീർഘകാലത്തെ പരാതിക്ക് ശാശ്വത പരിഹാരമാകും.
വികസന പ്രവർത്തനങ്ങൾ സ്വാഗതാർഹമാണെങ്കിലും, ഈ മുന്നേറ്റം ദ്വീപിന്റെ തനിമ നിലനിർത്തിക്കൊണ്ടാകണമെന്ന് ലക്ഷദ്വീപ് എംപി ഹംദുല്ല സയീദ് ഓർമ്മിപ്പിച്ചു. ദ്വീപിലെ വിദ്യാസമ്പന്നരായ യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതാകണം വിനോദസഞ്ചാര വികസനമെന്ന് അദ്ദേഹം വ്യക്തമാക്കി. ടൂറിസത്തിനായി ദ്വീപിന്റെ വാതിലുകൾ തുറന്നു നൽകുമ്പോൾ പരിസ്ഥിതിലോലമായ പ്രകൃതിയെ നോവിക്കുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും, ദ്വീപിന്റെ സാംസ്കാരികത്തനിമയ്ക്ക് യാതൊരുവിധ കോട്ടവും ഉണ്ടാകരുതെന്നും എംപി കൂട്ടിച്ചേർത്തു.