കാഞ്ഞിരപ്പള്ളിയിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന സംഘം പിടിയിൽ പ്രതികളിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവർ
കാഞ്ഞിരപ്പള്ളി ആനക്കല്ലിൽ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളെ കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ആനക്കൽ ഭവനഭേദനം: ഒരു ലക്ഷത്തോളം രൂപയുടെ സ്വർണവും പണവും കവർന്ന കേസിൽ മൂന്ന് പേർ പിടിയിൽ; പ്രതികളിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവർ
കാഞ്ഞിരപ്പള്ളി: ആനക്കൽ ഭാഗത്ത് അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി കൊടുവന്താനം സ്വദേശി കോട്ടേപറമ്പിൽ അജിത്ത് അനിൽ (19), പ്രായപൂർത്തിയാകാത്ത മറ്റ് രണ്ട് യുവാക്കൾ എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മേയ് 24ന് അർധരാത്രിയോടെയായിരുന്നു നാടിനെ നടുക്കിയ കവർച്ച നടന്നത്. ആനക്കല്ല് - പൊടിമറ്റം റോഡിൽ താമസിക്കുന്ന ആന്റണി ജോസഫിന്റെ വീട്ടിലാണ് പ്രതികൾ മോഷണം നടത്തിയത്. ആന്റണിയും കുടുംബവും ബെംഗളൂരുവിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോയ സമയം നോക്കിയായിരുന്നു പ്രതികൾ കൃത്യം ആസൂത്രണം ചെയ്തത്.
കാറിലെത്തിയ സംഘം മുഖംമൂടിയും പർദ്ദയും ധരിച്ചാണ് വീടിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകയറിയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 75,000 രൂപയും മൂന്ന് പവനോളം വരുന്ന സ്വർണാഭരണങ്ങളുമാണ് ഇവർ കവർന്നത്. വീട്ടുകാർ തിരിച്ചെത്തിയ ശേഷമാണ് മോഷണവിവരം പുറത്തറിയുന്നത്.
തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ്, മോഷണം നടന്ന് ഒരാഴ്ചയ്ക്കുള്ളിൽ പ്രതികൾ വലയിലാകുന്നത്.
മോഷ്ടിച്ച പണവും, സ്വർണാഭരണങ്ങൾ പണയം വെച്ച് ലഭിച്ച തുകയും ഉപയോഗിച്ച് വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആഡംബര ജീവിതം നയിക്കുകയായിരുന്നു പ്രതികളുടെ രീതി എന്ന് പോലീസ് പറഞ്ഞു. സമീപകാലത്ത് ഈ പ്രദേശത്തെ പെട്ടിക്കടകളിൽ നടന്ന മോഷണങ്ങൾക്കും, കിണറുകളിൽ നിന്ന് മോട്ടറുകൾ മോഷ്ടിച്ച സംഭവങ്ങൾക്കും പിന്നിൽ ഈ സംഘമാണെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

