അക്ഷരം ആരോഗ്യം കുട്ടികളുടെ സമഗ്ര ആരോഗ്യത്തിന് പുതിയ പദ്ധതി

സ്കൂൾ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പാക്കുന്നതിനായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായി നടപ്പിലാക്കുന്ന അക്ഷരം ആരോഗ്യം പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് ഗവ. എൽ.പി സ്കൂളിൽ വെച്ച് നടന്നു.

അക്ഷരം ആരോഗ്യം കുട്ടികളുടെ സമഗ്ര ആരോഗ്യത്തിന് പുതിയ പദ്ധതി
അക്ഷരം ആരോഗ്യം: എറണാകുളം ജില്ലാതല ഉദ്ഘാടനം ചെങ്ങമനാട് നടന്നു; കുട്ടികളുടെ സമഗ്ര ആരോഗ്യത്തിന് പുതിയ പദ്ധതി

ചെങ്ങമനാട്: വിദ്യാലയ മുറ്റങ്ങളിൽ ആരോഗ്യത്തിന്റെ കരുതലുമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'അക്ഷരം ആരോഗ്യം' പദ്ധതിയുടെ എറണാകുളം ജില്ലാതല ഉദ്ഘാടനം നടന്നു. ചെങ്ങമനാട് ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു ഉദ്ഘാടനം നിർവഹിച്ചു.

​കുട്ടികളുടെ ശാരീരികവും മാനസികവുമായ സുസ്ഥിര ആരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ കുടുംബക്ഷേമ വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ലാസ്സുകളിലെ സർക്കാർ, എയ്ഡഡ് സ്കൂൾ വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

​പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ഉല്ലാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത ജോയ് പദ്ധതിയുടെ പോസ്റ്റർ പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം രാജി ആന്റണി ആശംസകൾ നേർന്നു.

​ജില്ലാ മെഡിക്കൽ ഓഫീസർ (ഇൻ ചാർജ്) ഡോ. ആശാ കെ.കെ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ജി. രജനി, ഡയറ്റ് ലക്ചറർ മായ എം.എസ്, ജില്ലാ പബ്ലിക് ഹെൽത്ത് നേഴ്സ് ആനി പി.ആർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

​കൂടാതെ, അങ്കമാലി വിദ്യാഭ്യാസ ജില്ല എച്ച്.എം ഫോറം കൺവീനർ കേഴ്സൺ മാസ്റ്റർ, സ്കൂൾ ഹെഡ്മിസ്ട്രസ് രജനി ആർ, പി.ടി.എ പ്രസിഡന്റ് അമ്പാടി ചെങ്ങമനാട് എന്നിവരും പങ്കെടുത്തു. ചെങ്ങമനാട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. പുഷ്പ വി.വി സ്വാഗതവും, ഹെൽത്ത് സൂപ്പർവൈസർ ബിജോഷ് നന്ദിയും രേഖപ്പെടുത്തി.

​ഉദ്ഘാടനത്തോടനുബന്ധിച്ച് ആലുവ നജാത്ത് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികളും ചെങ്ങമനാട് എൽ.പി സ്കൂളിലെ കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ശ്രദ്ധേയമായി. പ്രാദേശിക സ്കൂളുകൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ, ആയുഷ് സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെയാണ് പദ്ധതി താഴേത്തട്ടിൽ നടപ്പിലാക്കുന്നത്.