പ്രധാനമന്ത്രി നരേന്ദ്ര മോദി 11ന് കേരളത്തിൽ പാലക്കാട്–പൊള്ളാച്ചി മെമു ഉൾപ്പെടെ പുതിയ ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും
കേരളത്തിന്റെ റെയിൽവേ വികസനത്തിന് പുത്തൻ ഉണർവ്വേകി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 ന് എത്തും. പാലക്കാട്–പൊള്ളാച്ചി മെമു സർവീസ്, ഷൊർണൂർ നിലമ്പൂർ പാത വൈദ്യുതീകരണം, അമൃത് ഭാരത് സ്റ്റേഷനുകൾ എന്നിവയുടെ ഉദ്ഘാടനവും അഞ്ച് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫും കൊച്ചിയിലും തിരുച്ചിറപ്പള്ളിയിലുമായി നടക്കും
കേരളത്തിന് പുത്തൻ ട്രെയിനുകളും വികസന പദ്ധതികളും; പ്രധാനമന്ത്രി നരേന്ദ്ര മോദി 11-ന് എത്തും
കൊച്ചി/തിരുച്ചിറപ്പള്ളി: കേരളത്തിന്റെയും തമിഴ്‌നാടിന്റെയും റെയിൽവേ വികസനത്തിൽ നിർണ്ണായക ചുവടുവെപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 11-ന് എത്തും. കൊച്ചിയിലും തിരുച്ചിറപ്പള്ളിയിലുമായി നടക്കുന്ന വിവിധ ചടങ്ങുകളിൽ പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും റെയിൽവേ പാതകളുടെ സമർപ്പണവും അദ്ദേഹം നിർവഹിക്കും.
കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പാലക്കാട്–പൊള്ളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും. ഇതോടൊപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ സ്റ്റേഷനുകളുടെ ഉദ്ഘാടനവും, ഷൊർണൂർ–നിലമ്പൂർ പാത വൈദ്യുതീകരണത്തിന്റെ സമർപ്പണവും അദ്ദേഹം നിർവഹിക്കും. ദേശീയപാത അതോറിറ്റി, ബിപിസിഎൽ എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും കൊച്ചിയിൽ നടക്കും.
അഞ്ച് പുതിയ ട്രെയിനുകൾ കൂടി
തിരുച്ചിറപ്പള്ളിയിൽ നടക്കുന്ന ചടങ്ങിൽ ദക്ഷിണേന്ത്യയിലെ യാത്രക്കാർക്ക് ഉപകാരപ്രദമായ അഞ്ച് പുതിയ ട്രെയിനുകളുടെ ഉദ്ഘാടനം നടക്കും:
തിരുനെൽവേലി–മംഗളൂരു ജംക്‌ഷൻ എക്സ്പ്രസ്
രാമേശ്വരം–മംഗളൂരു ജംക്‌ഷൻ എക്സ്പ്രസ്
കോയമ്പത്തൂർ–ധൻബാദ് അമൃത് ഭാരത്
മയിലാടുംതുറ–കാരൈക്കുടി എക്സ്പ്രസ്
നാഗർകോവിൽ–ചർലപ്പാള്ളി അമൃത് ഭാരത്
പാലക്കാട്–പൊള്ളാച്ചി പാത ബ്രോഡ്ഗേജാക്കി 11 വർഷത്തിന് ശേഷമാണ് മലബാറിൽ നിന്ന് പഴനി, മധുര തുടങ്ങിയ പുണ്യസ്ഥലങ്ങളിലേക്ക് നേരിട്ടുള്ള ട്രെയിൻ സർവീസ് (തിരുനെൽവേലി, രാമേശ്വരം എക്സ്പ്രസുകൾ വഴി) ലഭ്യമാകുന്നത്. ഇവ രണ്ടും പ്രതിവാര സർവീസുകളാണ്. കൂടാതെ ചെന്നൈ സെൻട്രൽ–ബോഡിനായ്ക്കന്നൂർ എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ 6 ദിവസം സർവീസ് നടത്തും.

