വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല കവർന്ന കേസ് പ്രതി ആലുവ സ്വദേശി നിസാർ പിടിയിൽ
ആലുവയിൽ വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല മോഷ്ടിച്ച പ്രതിയെ എടത്തല പോലീസ് പിടികൂടി.
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയുടെ മാല പൊട്ടിച്ച സംഭവം: പ്രതി പിടിയിൽ
എടത്തല: തനിച്ച് താമസിക്കുന്ന വൃദ്ധയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുളകുപൊടി എറിഞ്ഞ് സ്വർണ്ണമാല കവർന്ന കേസിൽ പ്രതിയെ പോലീസ് പിടികൂടി. ആലുവ എൻ.എ.ഡി കോമ്പാറ മടപ്പാട്ട് വീട്ടിൽ നിസാർ (42) നെയാണ് എടത്തല പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച പകൽ രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.
എൻ.എ.ഡി ഭാഗത്തുള്ള എഴുപത് വയസ്സുകാരിയുടെ വീട്ടിലെത്തിയ പ്രതി, ഹാളിലെ സെറ്റിയിൽ കിടക്കുകയായിരുന്ന ഇവരുടെ മുഖത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. തുടർന്ന് രണ്ടര പവൻ വരുന്ന സ്വർണ്ണമാല ബലമായി പൊട്ടിച്ചെടുത്ത് ഇയാൾ കടന്നുകളഞ്ഞു.
സംഭവം നടന്ന ഉടൻ തന്നെ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് നിസാർ പിടിയിലായത്. എടത്തല ഇൻസ്പെക്ടർ കെ. സെനോദ്, എസ്.ഐമാരായ ലിജോ, സജീവ്, എ.എസ്.ഐമാരായ സജീവ്, സക്കീർ, എസ്.സി.പി.ഒ മുഹമ്മദ് റഫീഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

