കുവൈത്തിന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്

കുവൈത്ത് സർക്കാരിന്റെ ആദ്യ ഗോൾഡൻ റസിഡൻസി വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു. ഇതോടെ എല്ലാ ജിസിസി രാജ്യങ്ങളിലും ഗോൾഡൻ വിസ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി.

കുവൈത്തിന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിൽ നിന്ന് കുവൈത്തിന്റെ ആദ്യത്തെ ഗോൾഡൻ വിസ സ്വീകരിക്കുന്നു

കുവൈത്തിന്റെ ആദ്യ ഗോൾഡൻ വിസ എം.എ. യൂസഫലിക്ക്; എല്ലാ ജിസിസി രാജ്യങ്ങളിലും ഗോൾഡൻ റസിഡൻസി നേടുന്ന ആദ്യ നിക്ഷേപകൻ

​കുവൈത്ത് : വിദേശ നിക്ഷേപകരെയും വ്യവസായികളെയും ആകർഷിക്കാൻ കുവൈത്ത് സർക്കാർ നടപ്പിലാക്കുന്ന ഗോൾഡൻ റസിഡൻസി പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വിസ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിക്ക് ലഭിച്ചു. 15 വർഷത്തെ കാലാവധിയുള്ള റസിഡൻസി വിസ ബയാൻ കൊട്ടാരത്തിൽ വെച്ച് നടന്ന ചടങ്ങിൽ കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് നേരിട്ട് കൈമാറി.

​ഈ നേട്ടത്തോടെ, എല്ലാ ജിസിസി (GCC) രാജ്യങ്ങളിലും ഗോൾഡൻ റസിഡൻസി സ്വന്തമാക്കുന്ന ആദ്യ വിദേശ നിക്ഷേപകനെന്ന അപൂർവ്വ നേട്ടം കൂടി എം.എ. യൂസഫലി കൈവരിച്ചു. കുവൈത്തിലെ വ്യവസായ മേഖലയിൽ ലുലു ഗ്രൂപ്പിന്റെ നിർണ്ണായക സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ അംഗീകാരം. നിലവിൽ 21 ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ഗ്രൂപ്പിന് കുവൈത്തിലുള്ളത്. ഇതിനുപുറമെ, നാല് പുതിയ ഹൈപ്പർ മാർക്കറ്റ് പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്. കുവൈത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സംസ്കരണ ലോജിസ്റ്റിക്സ് പദ്ധതിയും നിലവിൽ പ്രാഥമിക ഘട്ടത്തിലാണ്.