റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം, പരാതികൾ ഉടൻ തീർപ്പാക്കണം മന്ത്രി എ.പി അനിൽകുമാർ

തിരുവനന്തപുരം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ. തരംമാറ്റ അപേക്ഷകളും പട്ടയ പ്രശ്നങ്ങളും സമയബന്ധിതമായി പരിഹരിക്കാൻ തീരുമാനം.

റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം, പരാതികൾ ഉടൻ തീർപ്പാക്കണം മന്ത്രി എ.പി അനിൽകുമാർ
തിരുവനന്തപുരം ജില്ലാതല റവന്യൂ അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശങ്ങളുമായി റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ
റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം, പരാതികൾ ഉടൻ തീർപ്പാക്കണം മന്ത്രി എ.പി അനിൽകുമാർ
റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം, പരാതികൾ ഉടൻ തീർപ്പാക്കണം മന്ത്രി എ.പി അനിൽകുമാർ

റവന്യൂ ഓഫീസുകൾ കൂടുതൽ സ്മാർട്ടാകണം, ജനങ്ങളുടെ പരാതികൾ സമയബന്ധിതമായി പരിഹരിക്കണം: മന്ത്രി എ.പി അനിൽകുമാർ

തിരുവനന്തപുരം: പൊതുജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥർ കൂടുതൽ സ്മാർട്ടായും സമർപ്പണബോധത്തോടെയും പ്രവർത്തിക്കണമെന്ന് റവന്യൂവകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിനുമായി മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരം കളക്ടറേറ്റിൽ ജില്ലാതല അവലോകന യോഗം ചേർന്നു. കാസർഗോഡ്, കണ്ണൂർ ജില്ലകൾക്ക് ശേഷം റവന്യൂ വകുപ്പിന് കീഴിൽ നടക്കുന്ന മൂന്നാമത്തെ ജില്ലാതല അവലോകന യോഗമാണിത്.

​മലയോര-ഉന്നതികളിൽ താമസിക്കുന്നവരുടെയും തീരദേശ മേഖലയിലുള്ളവരുടെയും പട്ടയ പ്രശ്‌നങ്ങളിൽ ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഭൂമി തരംമാറ്റ അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കണം. സർക്കാരിന്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി റവന്യൂ വകുപ്പിലും ദുരന്തനിവാരണ വിഭാഗത്തിലും ഏഴ് വീതം പ്രായോഗിക പദ്ധതികൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഇവ നിശ്ചിത സമയത്തിനകം പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

​പട്ടയ വിതരണം, റീ സർവേ എന്നിവയുമായി ബന്ധപ്പെട്ട് ജനങ്ങൾ ഉന്നയിക്കുന്ന പരാതികൾ അടിയന്തരമായി പരിഹരിക്കാൻ യോഗത്തിൽ തീരുമാനമായി. സർവേ നടപടികളിലെ സബ് ഡിവിഷൻ കൃത്യമായി പൂർത്തിയാക്കി ഭാവിയിലെ പരാതികൾ ഒഴിവാക്കണം. ഭൂമി ഏറ്റെടുക്കൽ പദ്ധതികളുടെ പുരോഗതി, കയ്യേറ്റം ഒഴിപ്പിക്കൽ, നികുതി പിരിവിലെ കാലതാമസം, ന്യായവില നിശ്ചയിക്കൽ തുടങ്ങിയ പ്രധാന വിഷയങ്ങളും യോഗം ചർച്ച ചെയ്തു.

​സംസ്ഥാനത്തെ 14 ജില്ലകളിലെയും അവലോകന യോഗങ്ങൾക്ക് ശേഷം, നിലവിലുള്ള റവന്യൂ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. നിയമപരമായ തടസങ്ങൾ മൂലം എല്ലാ കാര്യങ്ങളും ചെയ്യാൻ സാധിച്ചില്ലെങ്കിലും, ഓഫീസുകളിൽ എത്തുന്ന സാധാരണക്കാരായ ജനങ്ങളെ ക്ഷമയോടെ കേൾക്കാൻ ഓരോ ഉദ്യോഗസ്ഥനും കഴിയണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

​കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്. ദിനേശൻ, ജില്ലാ കളക്ടർ അനു കുമാരി, എ.ഡി.എം നിസ എ, സബ് കളക്ടർ ആൽഫ്രഡ് ഒ വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയി ദിനേശ് ഹപുരാം, നെടുമങ്ങാട് ആർ ഡി ഒ ജയകുമാർ, ഡെപ്യൂട്ടി കളക്ടർമാർ, തഹസിൽദാർമാർ, സർവേയർമാർ ഉൾപ്പെടെയുള്ള റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.