സൽവാർ ഊരലും മാറിടത്തിൽ അമർത്തലും പീഡനശ്രമമല്ലെന്ന ഹൈക്കോടതി പരാമർശം കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി

ലൈംഗിക കുറ്റകൃത്യ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റിയുടെ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള കോടതികൾക്ക് നൽകാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

സൽവാർ ഊരലും മാറിടത്തിൽ അമർത്തലും പീഡനശ്രമമല്ലെന്ന ഹൈക്കോടതി പരാമർശം കടുത്ത അതൃപ്തിയുമായി സുപ്രീം കോടതി
Al നിർമ്മിച്ച സാങ്കല്പിക ചിത്രം

സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമല്ലെന്ന ഹൈക്കോടതി പരാമർശം: കടുത്ത അതൃപ്തി അറിയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സ്ത്രീയുടെ സൽവാർ ഊരിമാറ്റുന്നതും മാറിടത്തിൽ അമർത്തുന്നതും പീഡനശ്രമമാകില്ലെന്ന പട്ന ഹൈക്കോടതിയുടെ പരാമർശത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. ലൈംഗിക കുറ്റകൃത്യ കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ജഡ്ജിമാർ പുലർത്തേണ്ട ജാഗ്രതയെയും പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് നാഷനൽ ജുഡീഷ്യൽ അക്കാദമി കമ്മിറ്റി തയാറാക്കിയ റിപ്പോർട്ട് രാജ്യമെങ്ങുമുള്ള കോടതികൾക്കും നിയമവകുപ്പുകൾക്കും കൈമാറാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.

​രാജ്യത്തെ മുഴുവൻ ഹൈക്കോടതികൾ, ജില്ലാ കോടതികൾ, സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റികൾ, സംസ്ഥാന നിയമ വകുപ്പുകൾ, പ്രോസിക്യൂഷൻ ഡയറക്ടറേറ്റുകൾ എന്നിവയ്ക്കാണ് ഈ റിപ്പോർട്ട് നൽകുക.

​സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും പീഡനമോ അതിനുള്ള ശ്രമമോ ആകുന്നില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ മുൻ വിധിയുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലാണ് അക്കാദമി റിപ്പോർട്ട് തയാറാക്കിയത്. എന്നാൽ ഇപ്പോഴും സമാനമായ തെറ്റായ വിധികൾ ആവർത്തിക്കപ്പെടുന്നുണ്ടെന്ന് പട്ന ഹൈക്കോടതിയുടെ പുതിയ പരാമർശം ചൂണ്ടിക്കാട്ടി അഭിഭാഷക ശോഭ ഗുപ്ത കോടതിയിൽ വ്യക്തമാക്കി.

​പ്രതിയുടെ ഇത്തരം നടപടികൾ സ്ത്രീയുടെ അന്തസ്സിനെ അപമാനിക്കുന്നതാണെന്നും, എന്നാൽ പീഡനക്കുറ്റമായി കാണാൻ കഴിയില്ലെന്നുമായിരുന്നു പട്ന ഹൈക്കോടതിയുടെ നിരീക്ഷണം. ഒരു പീഡനക്കേസിൽ പ്രതിയുടെ ശിക്ഷ റദ്ദാക്കിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിവാദ പരാമർശം. ലൈംഗിക അതിക്രമ കേസുകളിൽ വിധി പ്രസ്താവിക്കുമ്പോൾ ലിംഗസമത്വ ബോധവും ജാഗ്രതയും അത്യാവശ്യമാണെന്ന നിലപാടിലാണ് സുപ്രീം കോടതി.