സോളർ തട്ടിപ്പ് കേസ് ഉമ്മൻചാണ്ടിയുടെ മുൻ പി.എ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി

സോളർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. പരാതിക്കാരനുമായുള്ള ഒത്തുതീർപ്പിനെ തുടർന്നാണ് നടപടി.

സോളർ തട്ടിപ്പ് കേസ് ഉമ്മൻചാണ്ടിയുടെ മുൻ പി.എ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി
സോളർ തട്ടിപ്പ് കേസ്: ഉമ്മൻചാണ്ടിയുടെ മുൻ പി.എ ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഹൈക്കോടതി

സോളർ തട്ടിപ്പ് കേസ്: ടെന്നി ജോപ്പനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കാൻ ഹൈക്കോടതി അനുമതി

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വൻ കൊടുങ്കാറ്റുയർത്തിയ സോളർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സനൽ അസിസ്റ്റന്റായിരുന്ന ടെന്നി ജോപ്പന് വലിയ ആശ്വാസം. പത്തനംതിട്ട കോന്നി പോലീസ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലെ പ്രതിപ്പട്ടികയിൽ നിന്ന് ജോപ്പനെ ഒഴിവാക്കാൻ ഹൈക്കോടതി അനുമതി നൽകി. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്.

​കേസിലെ പരാതിക്കാരനായ പത്തനംതിട്ട കോന്നി സ്വദേശി മല്ലേലിൽ ശ്രീധരൻ നായരും പ്രതിഭാഗവും തമ്മിൽ കോടതിക്ക് പുറത്ത് വിഷയം ഒത്തുതീർപ്പാക്കിയതായും കേസുമായി മുന്നോട്ട് പോകാൻ തനിക്ക് താൽപര്യമില്ലെന്നും കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയുടെ നടപടി. തന്നെ കേസിലേക്ക് വലിച്ചിഴച്ചത് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ക്രൂശിക്കാൻ വേണ്ടിയുള്ള ഗൂഢാലോചനയുടെ ഭാഗമായിട്ടായിരുന്നുവെന്ന് വിധിക്ക് പിന്നാലെ ടെന്നി ജോപ്പൻ പ്രതികരിച്ചു.

​പരാതിയും അറസ്റ്റും

പാലക്കാട് കിൻഫ്ര പാർക്കിൽ 'ടീം സോളാർ' കമ്പനിയുടെ നേതൃത്വത്തിൽ മൂന്ന് മെഗാവാട്ടിന്റെ സൗരോർജ പ്ലാന്റ് സ്ഥാപിക്കാമെന്ന് വാഗ്ദാനം നൽകി സരിത എസ്. നായരും കൂട്ടരും ചേർന്ന് തന്നിൽ നിന്ന് 50 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നായിരുന്നു ശ്രീധരൻ നായരുടെ പരാതി. സരിതയ്ക്ക് പണം നൽകാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ വെച്ച് ടെന്നി ജോപ്പൻ സമ്മർദം ചെലുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ജോപ്പനെ കേസിൽ മൂന്നാം പ്രതിയാക്കിയത്. സരിത എസ്. നായർ ഒന്നാം പ്രതിയും ബിജു രാധാകൃഷ്ണൻ രണ്ടാം പ്രതിയുമായിരുന്നു.

​സോളർ വിവാദം കത്തിപ്പടർന്ന 2013-ൽ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന ഒരേയൊരു പ്രധാന അറസ്റ്റ് ടെന്നി ജോപ്പന്റേതായിരുന്നു. വഞ്ചനക്കുറ്റം (ഐപിസി 420) ചുമത്തപ്പെട്ട് അറസ്റ്റിലായ ജോപ്പൻ 65 ദിവസമാണ് ജയിലിൽ കഴിഞ്ഞത്. തുടർന്ന് പോലീസ് നൽകിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജോപ്പൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

​ശ്രീധരൻ നായരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊണ്ടുവന്ന് ജോപ്പന് പരിചയപ്പെടുത്തിയത് സരിതയാണെന്നും, ഇത് നല്ല പദ്ധതിയാണെന്ന് പറഞ്ഞ് ശ്രീധരൻ നായരെ ജോപ്പൻ പ്രോത്സാഹിപ്പിച്ചെന്നുമാണ് പോലീസ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, കേസിൽ ജോപ്പൻ പണം വാങ്ങിയതായി യാതൊരു തെളിവും കണ്ടെത്താൻ പോലീസിന് കഴിഞ്ഞിരുന്നില്ല. നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോൾ ടെന്നി ജോപ്പന് അനുകൂലമായ കോടതി വിധി വന്നിരിക്കുന്നത്.