ലഹരിക്കും ഫോൺ അഡിക്ഷനുമെതിരെ വിദ്യാർത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി കണ്ണൂരിലെ കളം പദ്ധതിക്ക് തുടക്കമായി

പുതുതലമുറയുടെ ആശയങ്ങൾ ഉൾക്കൊണ്ട് ഭരണനിർവഹണം നടത്താനായി കണ്ണൂർ ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കളം ഇൻററാക്ടീവ് പ്ലാറ്റ്‌ഫോമിന് തുടക്കമായി. ജില്ലാ കളക്ടർ പി വിഷ്ണുരാജിൻ്റെ നേതൃത്വത്തിലാണ് പദ്ധതി

ലഹരിക്കും ഫോൺ അഡിക്ഷനുമെതിരെ വിദ്യാർത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി കണ്ണൂരിലെ കളം പദ്ധതിക്ക് തുടക്കമായി
ജില്ലാ ഭരണകൂടം ആവിഷ്കരിച്ച കളം പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായി സംസാരിക്കുന്ന ജില്ലാ കളക്ടർ പി വിഷ്ണുരാജ്
ലഹരിക്കും ഫോൺ അഡിക്ഷനുമെതിരെ വിദ്യാർത്ഥിക്കൂട്ടായ്മ ശ്രദ്ധേയമായി കണ്ണൂരിലെ കളം പദ്ധതിക്ക് തുടക്കമായി

ജെൻസിയുടെ മനസ്സറിയാൻ 'കളം'; ജില്ലാ ഭരണകൂടത്തിന്റെ പുതിയ പ്ലാറ്റ്‌ഫോമിന് തുടക്കമായി

കണ്ണൂർ: പുതുതലമുറയുടെ ചിന്തകളും ആശയങ്ങളും ഉൾക്കൊണ്ട് ഭരണനിർവഹണം കൂടുതൽ ജനകീയമാക്കാൻ ജില്ലാ ഭരണകൂടം ഒരുക്കുന്ന 'കളം' ഇൻററാക്ടീവ് പ്ലാറ്റ്‌ഫോമിന് പുതിയ അധ്യയന വർഷത്തിൽ തുടക്കമായി. ജില്ലയിലെ വിദ്യാർത്ഥികളും ഭരണകൂടവും തമ്മിൽ നിരന്തരം ആശയവിനിമയം നടത്താനും കുട്ടികളിൽ ആത്മവിശ്വാസം വളർത്താനുമായിട്ടാണ് ഈ പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

​കണ്ണൂർ ജില്ലാ കളക്ടർ പി. വിഷ്ണുരാജിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിക്ക് അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്. പിന്തുണ നൽകുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഏറ്റവും പുതിയ ആശയങ്ങൾ സ്വീകരിക്കുന്നതോടൊപ്പം ലഹരി ഉപയോഗം, ലൈംഗിക അതിക്രമങ്ങൾ, ഫോൺ അഡിക്ഷൻ തുടങ്ങിയ സാമൂഹിക വിപത്തുകൾക്കെതിരെ അവബോധം സൃഷ്ടിക്കുക എന്നതും 'കളം' പ്ലാറ്റ്‌ഫോമിന്റെ പ്രധാന ലക്ഷ്യമാണ്.

​പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുമായി ജില്ലാ കളക്ടർ നേരിട്ട് സംവദിക്കും. ഇതിന്റെ ആദ്യഘട്ടമായി കണ്ണൂർ ഗവ. ടൗൺ സ്‌കൂൾ, മട്ടന്നൂർ ശ്രീ ശങ്കര വിദ്യാപീഠം എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ പി. വിഷ്ണുരാജുമായി ആശയവിനിമയം നടത്തി.

​കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകളും കമ്മ്യൂണിക്കേഷൻ സ്കില്ലുകളും വർദ്ധിപ്പിക്കുന്നതിനായി വിവിധ കളികളും പ്രവർത്തനങ്ങളും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു. ചിത്രങ്ങൾ നൽകി അതിനെ അടിസ്ഥാനമാക്കി കഥകൾ രൂപപ്പെടുത്താൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

​ജീവിതത്തിലെ വെല്ലുവിളികളെ ധൈര്യത്തോടെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രതിസന്ധികളിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് സഹായവും കൗൺസിലിംഗും ലഭ്യമാക്കുന്നതിനായി വിവിധ ഹെൽപ്‌ലൈൻ സേവനങ്ങളെയും പിന്തുണാ സംവിധാനങ്ങളെയും ചടങ്ങിൽ പരിചയപ്പെടുത്തി. അസിസ്റ്റന്റ് കളക്ടർ സ്വാതി എസ് ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സന്നിഹിതരായിരുന്നു.