പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും മന്ത്രി റോജി എം. ജോൺ
തൃപ്പൂണിത്തുറ മണ്ഡലത്തിൽ വിദ്യാർഥികളുടെ വിദ്യാഭ്യാസ വികസനത്തിനും കരിയർ വഴികാട്ടലിനുമായി ആവിഷ്കരിച്ച ദീപം സമഗ്ര വിദ്യാഭ്യാസ പദ്ധതി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു.
പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും: മന്ത്രി റോജി എം. ജോൺ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ 'ദീപം' പദ്ധതിക്ക് തുടക്കം
എറണാകുളം: മാറുന്ന വിദ്യാഭ്യാസ രീതികൾക്കും തൊഴിലവസരങ്ങൾക്കും അനുസൃതമായി അനുയോജ്യമായ കോഴ്സുകൾ കണ്ടെത്തുകയും, അതിൽ മികവ് പുലർത്തുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്നവർക്ക് അവസരങ്ങൾ എന്നും നിലനിൽക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു." തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ വിദ്യാർഥികളുടെ വിദ്യാഭ്യാസ നിലവാരം, സാമൂഹിക പ്രതിബദ്ധത, കരിയർ സ്വപ്നങ്ങൾ എന്നിവ കൂടുതൽ മികവുറ്റതാക്കുന്നതിനായി നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ വികസന പദ്ധതി 'ദീപം: ദി ലൈറ്റ് ഓഫ് തൃപ്പൂണിത്തുറ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, തൊഴിൽ മേഖലയിലും ദിനംപ്രതി മാറ്റങ്ങൾ വരുന്നുണ്ട്. ഇന്ന് കാണുന്ന തൊഴിൽ സാധ്യതകൾ നാളെ പഠിച്ചിറങ്ങുന്നവർക്ക് ഉണ്ടാകണമെന്നില്ല. അതിവേഗം കുതിക്കുന്ന ഈ മാറ്റങ്ങൾക്ക് അനുയോജ്യമായി, സ്വന്തം അഭിരുചികൾക്കനുസരിച്ച് കോഴ്സുകൾ കണ്ടെത്താനും കരിയർ തിരഞ്ഞെടുക്കാനും സാധിക്കണം. നല്ലൊരു ഭാവിക്കായി വിദ്യാഭ്യാസമാണ് മാർഗം; അതിൽ കഠിനാധ്വാനം ചെയ്യുന്നവർക്കാണ് അവസരങ്ങൾ ലഭിക്കുക.
കാലം കഴിയുംതോറും പരമ്പരാഗത ക്ലാസ് റൂം പഠന രീതികളിൽ നിന്ന്, ഡിജിറ്റൽ യുഗത്തിലെ എല്ലാ സാധ്യതകളും വിനിയോഗിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ രീതിയിലേക്കാണ് നമ്മൾ സഞ്ചരിക്കുന്നത്. ഇന്ന് കാണുന്ന മൂന്നോ നാലോ വർഷ ഡിഗ്രി കോഴ്സുകൾക്കപ്പുറം ഡിപ്ലോമ പോലുള്ള ഹ്രസ്വകാല കോഴ്സുകൾക്ക് സാധ്യതകൾ കൂടിവരികയാണ്. വിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറമാണ്, മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച മിഷൻ സമുദ്ര പോലുള്ള പദ്ധതികളിലൂടെ നിരവധി ലോജിസ്റ്റിക്സ് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ടൂറിസം, ഹോസ്പിറ്റാലിറ്റി, മെഡിക്കൽ, പാരാമെഡിക്കൽ എന്നീ മേഖലകളിൽ അനന്തമായ സാധ്യതകളാണുള്ളത്. അതിലേക്കുള്ള പ്രചോദനവും പ്രോത്സാഹനവും നൽകാൻ 'ദീപം' പദ്ധതിക്ക് സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
മണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ അഭിരുചികളും കഴിവുകളും തിരിച്ചറിഞ്ഞ്, അനുയോജ്യമായ ഉന്നതപഠന-കരിയർ അവസരങ്ങളിലേക്ക് അവരെ പ്രാപ്തരാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 'വി ക്യാൻ സോഷ്യൽ ഇന്നൊവേറ്റേഴ്സ്' എന്ന സോഷ്യൽ എൻജിനീയറിങ് ടീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ദീപക് ജോയ് എം.എൽ.എ അധ്യക്ഷനായി. കെ. ബാബു മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ ജി. പ്രിയങ്ക ലോഗോ പ്രകാശനവും മുഖ്യപ്രഭാഷണവും നടത്തി. ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ജൂബൻ ജോൺ, ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജുക്കേഷൻ സുബിൻ പോൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
68 ാമത് സംസ്ഥാന സ്കൂൾ കായിക മേള ഭക്ഷണപ്പുരയുടെ പാലുകാച്ചൽ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവ്വഹിച്ചു
സഹകരണ മേഖല സാധാരണക്കാരുടെ സാമ്പത്തിക സുരക്ഷയുടെ കരുത്ത് മന്ത്രി റോജി എം. ജോൺ
കേരള വനിതാ കമ്മീഷൻ റിസോഴ്സ് പേഴ്സൺ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജിഡ വികസന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണം മുഖ്യമന്ത്രി വി ഡി സതീശൻ
പഠനത്തിൽ കഠിനാധ്വാനം ചെയ്യുന്നവർക്ക് അവസരം എന്നും ഉണ്ടാകും മന്ത്രി റോജി എം. ജോൺ
പുതുവൈപ്പിൽ 41.07 കോടിയുടെ തീരസംരക്ഷണ പദ്ധതി ധാരണാപത്രത്തിൽ ഒപ്പുവെച്ചു