കലോത്സവങ്ങൾ സാമൂഹിക ആവിഷ്കരണത്തിന്റെ പ്രധാന വേദി ബെന്നി ബഹനാൻ എംപി

കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്.എസ്.എസിൽ നടക്കുന്ന 37 ാമത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. 14 വേദികളിലായി പതിനായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന മേള നവംബർ 28 ന് സമാപിക്കും.

കലോത്സവങ്ങൾ സാമൂഹിക ആവിഷ്കരണത്തിന്റെ പ്രധാന വേദി ബെന്നി ബഹനാൻ എംപി
കോലഞ്ചേരിയിൽ നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം ബെന്നി ബഹനാൻ എംപി നിർവഹിക്കുന്നു. വി പി സജീന്ദ്രൻ എംഎൽഎ സമീപം.

കലോത്സവങ്ങൾ സാമൂഹിക ആവിഷ്കരണത്തിന്റെ പ്രധാന വേദി ബെന്നി ബഹനാൻ എംപി

കോലഞ്ചേരി :  അനശ്വരമായ കലാമൂല്യങ്ങളേയും മനുഷ്യരെയും ഒന്നിപ്പിക്കുന്ന സാമൂഹിക ആവിഷ്കരണമായ കലയുടെയും സാഹിത്യത്തിന്റെയും ഏറ്റവും വലിയ വേദിയാണ് സ്കൂൾ കലോത്സവങ്ങളെന്ന്ബെന്നി ബഹനാൻ എംപി പറഞ്ഞു. കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന 37 മത് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംപി.

അന്യംനിന്നുപോയ അനുഷ്ഠാന കലകൾ, ആദിവാസി കലകൾ, ഉൾപ്പെടെയുള്ളവയെ വീണ്ടെടുത്ത് അരങ്ങേറാൻ അവസരം നൽകുന്നു എന്നതാണ് സ്കൂൾ കലോത്സവത്തിന്റെ പ്രാധാന്യമെന്ന് എം പി പറഞ്ഞു .

കേരളത്തിന് അഭിമാനിക്കാൻ കഴിയുന്ന ഒട്ടേറെ കലാതിലകങ്ങളെ, കലാകാരന്മാരെ അരങ്ങത്ത് നിന്നും സമൂഹത്തിന്റെ മുന്നിലേക്കെത്തിക്കാൻ സാധിച്ച വേദി കൂടിയാണ് കലോത്സവങ്ങൾ. കലോത്സവത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും ലഭിക്കണമെന്നില്ല എങ്കിലും ലക്ഷക്കണക്കിന് കുട്ടികളിൽ നിന്ന് കലോത്സവ വേദിയിൽ പ്രതിഭ തെളിയിക്കാൻ അവസരം ലഭിച്ചുവല്ലോയെന്ന ആത്മസംതൃപ്തിയിൽ മുന്നേറാനാകണമെന്ന് എംപി കൂട്ടിച്ചേർത്തു.

കലയുടെ മാമാങ്കം മനോഹരമായി സംഘടിപ്പിക്കാൻ പിന്നിൽ പ്രവർത്തിക്കുന്ന ജനപ്രതിനിധികളെയും അധ്യാപകരെയും അനധ്യപകരെയും എം പി അഭിനന്ദിച്ചു.

 റവന്യൂ കലോത്സവത്തിന്റെ ലോഗോ ഡിസൈൻ ചെയ്ത നോർത്ത് പറവൂർ ജി എച്ച് എസ് എസ്സിലെ പ്ലസ് വൺ വിദ്യാർഥിനി പവിത്ര കെ വിമലിനെ ചടങ്ങിൽ ആദരിച്ചു.

 ഘോഷയാത്രയോടെ ആരംഭിച്ച ഉദ്ഘാടന സമ്മേളനത്തിൽ വി.പി സജീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മനോജ് മുത്തേടൻ എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലിസി സെബാസ്റ്റ്യൻ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, എറണാകുളം ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറും കലോത്സവം ജനറൽ കൺവീനറുമായ സുബിൻ പോൾ, മറ്റ് ഉദ്യോഗസ്ഥർ, അധ്യാപകർ, അനദ്ധ്യാപകർ, രക്ഷിതാക്കൾ, തുടങ്ങിയവർ പങ്കെടുത്തു. പ്രധാന വേദിയായ സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് സ്കൂൾ ഉൾപ്പെടെ 14 വേദികളിലായാണ് കലോത്സവം അരങ്ങേറുന്നത്. പതിനായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന കലോത്സവം 28ന് സമാപിക്കും.