ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി

പ്രകൃതിവിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണം തടഞ്ഞ് ജൈവസമ്പത്ത് സംരക്ഷിക്കാൻ മുൻഗണന നൽകണമെന്ന് മന്ത്രി കെ. എം. ഷാജി. തിരുവനന്തപുരത്ത് നടന്ന അനന്തവൈവിധ്യം 2026 അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ്-അനന്ത വൈവിധ്യം 2026-തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനം ചെയ്തു
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി
ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം മന്ത്രി കെ. എം. ഷാജി

ജൈവസമ്പത്ത് സംരക്ഷണത്തിന് മുൻഗണന നൽകണം: മന്ത്രി കെ. എം. ഷാജി അനന്തവൈവിധ്യം 2026' അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:   ഭൂമി മനുഷ്യർക്കു മാത്രമുള്ളതാണെന്ന ചിന്തയിൽ പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി ചൂഷണം ചെയ്തതിന്റെ ദുരന്തഫലങ്ങളാണ് ലോകം ഇന്ന് നേരിടുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജി പറഞ്ഞു. പ്രകൃതിയുടെ സന്തുലിതാവസ്ഥ വീണ്ടെടുക്കുന്നതിനും ജൈവസമ്പത്ത് സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തമ്പാനൂരിലെ കെ.ടി.ഡി.സി ഗ്രാൻഡ് ചൈത്രം ഹോട്ടലിൽ സംഘടിപ്പിച്ച 'അനന്തവൈവിധ്യം 2026' അന്താരാഷ്ട്ര ജൈവവൈവിധ്യ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

കണ്ടൽക്കാടുകളുടെ നാശത്തെ ഭൂമി കൈയേറ്റമായോ ഭൂമിയുടെ തരംമാറ്റമായോ മാത്രം കാണുന്ന സമീപനം തിരുത്തണമെന്ന് മന്ത്രി പറഞ്ഞു. ജൈവവൈവിധ്യത്താൽ സമ്പന്നമായ കണ്ടൽക്കാടുകൾ ഇല്ലാതാകുമ്പോൾ ഒരു വലിയ ആവാസവ്യവസ്ഥയാണ് തകരുന്നത്. അതിനാൽ അവയുടെ നാശത്തെ ഗൗരവത്തോടെ കാണണം. പശ്ചിമഘട്ടത്തിന്റെ സംരക്ഷണം കേരളത്തിന്റെയോ ഇന്ത്യയുടെയോ മാത്രം വിഷയമല്ല, ലോകത്തിന്റെ നിലനിൽപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട ഉത്തരവാദിത്തം കുട്ടികളെ വീട്ടിൽ നിന്നുതന്നെ പഠിപ്പിക്കണം. കേരളത്തിൽ മഴ സമൃദ്ധമാണെന്നത് മാത്രം ജലസമൃദ്ധിക്ക് ഉറപ്പല്ല. മഴവെള്ളം സംരക്ഷിക്കുകയും ഭൂഗർഭ ജലസ്രോതസ്സുകൾ നിലനിർത്തുകയും വേണം. വ്യക്തികളും സർക്കാർ സംവിധാനങ്ങളും തങ്ങളുടെ പ്രവർത്തനങ്ങൾ പ്രകൃതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് തിരിച്ചറിയണം. പരിസ്ഥിതി ദിനാചരണങ്ങളും ബോധവത്കരണവും ഫലപ്രദമാകണമെങ്കിൽ പ്രകൃതിവിരുദ്ധമായ ശീലങ്ങൾ തിരുത്താൻ ഓരോരുത്തരും തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.

2030-ഓടെ തിരുവനന്തപുരത്തെ ജൈവവൈവിധ്യ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ജൈവവൈവിധ്യത്തോടു കൈകോർത്തു അനന്തപുരി' പദ്ധതിയുടെ ഭാഗമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. ചടങ്ങിൽ ജില്ലയിലെ വിവിധ ജീവജാതികളെ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ജില്ലാ ജന്തുജാതിയായി അണ്ണാൻ വർഗമായ കുഞ്ഞൻ പാറാനെയും പുഷ്പജാതിയായി ഡ്യൂറി ഓർക്കിഡിനെയും ഫലമായി ഞാവലിനെയും ശലഭമായി സന്ധ്യശലഭത്തെയും മത്സ്യമായി കുഴിപ്പുളവനെയും പക്ഷിയായി കാട്ടുഞ്ഞാലിയെയും തിരഞ്ഞെടുത്തു. അബ്രഹാം ഞാവലിനെ ജില്ലാ വൃക്ഷമായും മലമ്പുളിയെ പൈതൃക വൃക്ഷമായും പ്രഖ്യാപിച്ചു. വെള്ളായണി വഴുതന കാർഷികവിളയായും ആരോഗ്യപ്പച്ച ഔഷധസസ്യമായും കാട്ടുകാച്ചിൽ വന്യകിഴങ്ങുവർഗമായും തിരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ സൂക്ഷ്മജീവിയായി ലാക്ടിക്കേസിബാസിലസ് റാംനോസസിനെയും പ്രഖ്യാപിച്ചു.

കോൺക്ലേവിൽ ജൈവവൈവിധ്യ സംരക്ഷണം, അപൂർവ വൃക്ഷങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ക്ലോണിംഗ്, ജില്ലാ സൂക്ഷ്മജീവിയുടെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ ചർച്ചകളും അവതരണങ്ങളും നടന്നു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. പി. മുരളി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശോഭന ബി., അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് നിസ എ., കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. അനിൽകുമാർ സി., ക്ഷണിത പ്രഭാഷകൻ ഡോ. പുത്തിയപറമ്പിൽ ജോസുകുട്ടി, ഡോ. ഇ. എസ്. സന്തോഷ്‌കുമാർ, ഡോ. കലേഷ് സദാശിവൻ, ഡോ. സാബു തോമസ് തുടങ്ങിയവർ പങ്കെടുത്തു.