ആലപ്പുഴയിൽ കൃഷിനാശത്തിന്റെ കണക്കുകൾ 20 ദിവസത്തിനകം പോർട്ടലിൽ ലഭ്യമാക്കണം മന്ത്രിതല യോഗത്തിൽ കർശന നിർദ്ദേശം

ആലപ്പുഴ ജില്ലയിലെ മഴക്കെടുതിയും കൃഷിനാശവും വിലയിരുത്താൻ കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. കൃഷിനാശം ദുരന്തനിവാരണ ഫണ്ടിന്റെ പരിധിയിൽ കൊണ്ടുവരാനും തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ ആഴം കൂട്ടൽ റിപ്പോർട്ട് തേടാനും തീരുമാനിച്ചു.

ആലപ്പുഴയിൽ കൃഷിനാശത്തിന്റെ കണക്കുകൾ 20 ദിവസത്തിനകം പോർട്ടലിൽ ലഭ്യമാക്കണം മന്ത്രിതല യോഗത്തിൽ കർശന നിർദ്ദേശം
ജില്ലയിലെ കൃഷിനാശത്തിന്റെ കണക്കുകൾ അടിയന്തിരമായി കൃഷി പോർട്ടലിൽ 20 ദിവസത്തിനകം ലഭ്യമാക്കാൻ നിർദ്ദേശം നൽകി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെയും എംപിയുടെയും അവലോകനയോഗം. കൃഷിമന്ത്രി ടി സിദ്ദിഖ്, ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണവകുപ്പ് മന്ത്രി എം ലിജു, കെ സി വേണുഗോപാൽ എംപി എന്നിവർ പങ്കെടുത്തു

ആലപ്പുഴയിൽ കൃഷിനാശത്തിന്റെ കണക്കുകൾ 20 ദിവസത്തിനകം പോർട്ടലിൽ ലഭ്യമാക്കണം; മന്ത്രിതല യോഗത്തിൽ കർശന നിർദ്ദേശം

ആലപ്പുഴ :ജില്ലയിലെ കൃഷിനാശത്തിന്റെ കണക്കുകൾ അടിയന്തിരമായി കൃഷി പോർട്ടലിൽ 20 ദിവസത്തിനകം ലഭ്യമാക്കാൻ നിർദ്ദേശം നൽകി ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന മന്ത്രിമാരുടെയും എംപിയുടെയും അവലോകനയോഗം. കൃഷിമന്ത്രി ടി സിദ്ദിഖ്, ജില്ലയുടെ ചുമതലയുള്ള എക്സൈസ് സഹകരണവകുപ്പ് മന്ത്രി എം ലിജു, കെ സി വേണുഗോപാൽ എംപി എന്നിവർ പങ്കെടുത്തുകൊണ്ടാണ് മഴക്കെടുതിയുടെയും കൃഷിനാശത്തിന്റെയും പശ്ചാത്തലത്തിൽ അടിയന്തരയോഗം കളക്ടറേറ്റിൽ ചേർന്നത്. കൃഷിനാശത്തിന്റെ കണക്കെടുപ്പിന് സ്പെഷ്യൽ ഡ്രൈവ് തന്നെ നടത്താൻ ഉദ്യോഗസ്ഥർക്ക് മന്ത്രി ടി സിദ്ധിക്ക് നിർദ്ദേശം നൽകി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ പരിധിയിലേക്ക് ജില്ലയിൽ ഉണ്ടായ ബണ്ട് തകരൽ, കൃഷിനാശം, പമ്പ് സെറ്റുകളുടെ നഷ്ടം എന്നിവ പരിഗണിക്കുന്ന വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കാൻ മന്ത്രി നിർദേശിച്ചു. റീസർവ്വേ നടക്കുന്ന പശ്ചാത്തലത്തിൽ ചില കർഷകർക്ക് ഇൻഷുറൻസ് ലഭ്യമാകുന്നതിനുള്ള തടസ്സം അടിയന്തരമായി പരിഹരിക്കുന്നതിന് ഇൻഷുറൻസ് കമ്പനികളുമായി ഉടൻ ചർച്ച നടത്തും. നഷ്ടപരിഹാരത്തിന് കാലസാമസം ഉണ്ടാവാത്ത വിധം ക്രമീകരണങ്ങൾ വരുത്തുന്നതിന് യോഗം തീരുമാനിച്ചിട്ടുണ്ട്. ബണ്ടുകളുടെ തകർച്ച ഒഴിവാക്കാനും ബലം കൂട്ടാനും മൈനർ, മേജർ ഇറിഗേഷൻ വകുപ്പുകളുമായി അടുത്തമാസം ആലപ്പുഴയിൽ വച്ച് യോഗം ചേരുമെന്നും കൃഷി മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ആലപ്പുഴ എംപിയുടെ നിർദ്ദേശം പരിഗണിച്ച് സ്ഥിരമായി ആലപ്പുഴയിലെ മഴക്കെടുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാനുള്ള ശ്രമം നടത്തുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

എട്ടുവർഷമായി തോട്ടപ്പള്ളി ലീഡിങ് ചാനലിന്റെ ആഴംകൂട്ടൽ പ്രവർത്തികൾ നടന്നുവരികയാണ്. എന്നാൽ ഈ പദ്ധതിയുടെ നിലവിലെ അവസ്ഥയും പദ്ധതി കാലയളവും സംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി എം ലിജു ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മണലിനൊപ്പം ചെളിയും നീക്കം ചെയ്യേണ്ടതുണ്ടെങ്കിലും മണൽ നീക്കം മാത്രമാണ് കാര്യമായി നടക്കുന്നതെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. മഴക്കെടുതിയിൽ ക്യാമ്പിൽ കഴിയുന്നവർക്ക് കൃത്യമായ വൈദ്യസഹായം, ഭക്ഷണം എന്നിവ ഉറപ്പുവരുത്തുന്നതിന് ജില്ലാ ഭരണകൂടവും തദ്ദേശഭരണ വകുപ്പും കൃത്യമായ നടപടികൾ സ്വീകരിക്കണം. വിവിധ വകുപ്പുകളുടെ ഏകോപനത്തെയുള്ള പ്രവർത്തനം വേണമെന്നും മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു.

ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഷെൽട്ടറുകൾ കുട്ടനാട്ടിൽ കൂടുതലായി നിർമ്മിക്കുന്നതിന് സാധ്യതയുണ്ടെന്നും അതിന് സ്ഥലം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി. എല്ലാവർഷവും മഴക്കെഴുതി ഉണ്ടാവുമ്പോൾ സ്കൂളുകളിലേക്ക് മറ്റും മാറേണ്ട സ്ഥിതിയാണ് കുട്ടനാട്ടിൽ. ഇത് ഒഴിവാക്കുന്നതിന് മൂന്ന് ,നാല് കോടി രൂപ ചെലവ് വരുന്ന ഷെൽട്ടറുകൾ നിർമ്മിക്കുന്നതിന് കെ എസ് ഡി എം എ തയ്യാറായിട്ടുണ്ട്. നിലവിൽ 1.35 മീറ്റർ ഉയരത്തിൽ തോട്ടപ്പള്ളിയിലെ ഷട്ടർ തുറന്നിരിക്കുകയാണ്. വാട്ടർ ലെവൽ 1.1 മീറ്റർ മാത്രമാണ്. ജലമൊഴുക്ക് സുഗമമായി നടക്കുന്നതായും ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.തണ്ണീർമുക്കം ബണ്ടിന്റെ ഭാഗത്തുള്ള പോളമാലിന്യം നീക്കൽ 90% പൂർത്തിയായിട്ടുണ്ടെന്നും അതിനായി പ്രത്യേക ഉപകരണം തന്നെ അവിടെ എത്തിച്ചിട്ടുണ്ട് എന്നും ഇറിഗേഷൻ വകുപ്പ് അറിയിച്ചു.  

ലീഡിംഗ് ചാനലിന്റെ ആഴം കൂട്ടുന്നതിൽ കഴിഞ്ഞ എട്ടു വർഷമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്തു ചെയ്യുകയായിരുന്നുവെന്ന് യോഗത്തിൽ സംസാരിച്ച കെ.സി.വേണുഗോപാൽ എം.പി. ചോദിച്ചു. 

വെള്ളപ്പൊക്ക നിവാരണ പദ്ധതികൾ സമയബന്ധിതമായി നടപ്പിലാക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരെ കർശന നടപടി വേണമെന്നും എംപി ആവശ്യപ്പെട്ടു. 

പാലക്കാടിനും കുട്ടനാട്ടിനും ചേർത്ത് കൃഷിയുമായി ബന്ധപ്പെട്ട് പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം ഉണ്ടാകുന്ന സാഹചര്യങ്ങളിൽ ദുരിതമനുഭവിക്കുന്ന കർഷകരെ സഹായിക്കുന്നതിന് പ്രത്യേകം ടാസ്ക് ഫോഴ്സും പ്രത്യേക പദ്ധതിയും രൂപീകരിക്കണം. നാശനഷ്ടങ്ങൾ സംഭവിച്ചാൽ അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും പ്രത്യേക സംവിധാനം രൂപീകരിക്കണം. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ അപകടമുണ്ടാകുമ്പോൾ പെട്ടെന്ന് രക്ഷപ്പെടുത്താൻ സാധിക്കുക മത്സത്തൊഴിലാളികളിൽ നിന്നുള്ളവർക്ക് തന്നെയാണ്. ജില്ലയിൽ മത്സ്യത്തൊഴിലാളികളിൽ നിന്ന് തന്നെ ആളുകളെ കണ്ടെത്തി ദുരന്തനിവാരണത്തിൽ പരിശീലനം നൽകി പ്രത്യോക സ്ക്വാഡ് രൂപീകരിക്കണമെന്നും എം.പി. നിർദ്ദേശിച്ചു. 

ക്യാമ്പുകളിൽ മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. കിടപ്പ് രോഗികൾക്ക് പ്രത്യേക പരിഗണന നൽകണം. പാലിയേറ്റീവ് കെയർ ആവശ്യമുള്ളവരെ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമെങ്കിൽ ക്യാമ്പിൽ നിന്ന് അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റാനും ആരോഗ്യ വകുപ്പിന് എം.പി.നിർദ്ദേശം നൽകി.

അരൂർ നിയോജകമണ്ഡലത്തിൽ ഏകദേശം പതിനായിരം ഏക്കറിന്മേൽ പാടശേഖരങ്ങൾ ഉള്ളതിൽ കഴിഞ്ഞ കുറെ വർഷമായി ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കുന്നുണ്ടെങ്കിലും 95% പാടശേഖരങ്ങളും മത്സ്യകൃഷിയാണ് നടക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാനുവേണ്ടി യോഗത്തിൽ ഹാജരായ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ ഉമേശൻ ചൂണ്ടിക്കാട്ടി.പാടശേഖരങ്ങളുടെ ഓരത്ത് കുടുംബമായി ജീവിക്കുന്ന പട്ടികജാതിക്കാരുടെയും മറ്റു ജനവിഭാഗങ്ങളുടെയും ജീവിതം ദുസഹം ആയിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.നെല്ലു കർഷകർ പാടശേഖരങ്ങളിൽ കൃഷി നടത്താതിരിക്കുന്ന പരിപാടി അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

യോഗത്തിൽ എം.എൽ.എമാരായ എ.ഡി.തോമസ്, റെജി ചെറിയാൻ, ജില്ല കളക്ടർ ഷാജി വി നായർ, എ.ഡി.എം സി.പ്രേംജി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസർ പി.വി.സിന്ധു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനീഷ് എം.പുറക്കാട് എന്നിവർ യോഗത്തിൽ സംസാരിച്ചു.