ബ്രിക്സ് ഉച്ചകോടിയിൽ തിളങ്ങി കുടുംബശ്രീ സരസ് ഉത്പന്ന പ്രദർശനത്തിന് കൊച്ചിയിൽ തുടക്കമായി

​കൊച്ചിയിൽ നടക്കുന്ന ഇന്ത്യ ബ്രിക്സ് ഉച്ചകോടിയിൽ സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ചയുമായി കുടുംബശ്രീ സ്റ്റാളുകൾ. കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസിലാണ് ആജീവിക സരസ് ബ്രാൻഡ് ഉത്പന്ന പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

ബ്രിക്സ് ഉച്ചകോടിയിൽ തിളങ്ങി കുടുംബശ്രീ സരസ് ഉത്പന്ന പ്രദർശനത്തിന് കൊച്ചിയിൽ തുടക്കമായി
സ്ത്രീശാക്തീകരണത്തിന്റെ നേർക്കാഴ്ചയുമായി കുടുംബശ്രീ സ്റ്റാളുകൾ
ബ്രിക്സ് ഉച്ചകോടിയിൽ തിളങ്ങി കുടുംബശ്രീ സരസ് ഉത്പന്ന പ്രദർശനത്തിന് കൊച്ചിയിൽ തുടക്കമായി

സ്ത്രീമുന്നേറ്റത്തിന്റെ കരുത്തുമായി 19 സംസ്ഥാനങ്ങളിലെ സംരംഭകർ ബോൾഗാട്ടി പാലസിൽ; മേൽനോട്ടം വഹിച്ച് കുടുംബശ്രീ

കൊച്ചി: കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസിൽ ആരംഭിച്ച ഇന്ത്യ ബ്രിക്സ് ഉച്ചകോടി-2026-ൽ (BRICS Summit 2026) കുടുംബശ്രീ സ്റ്റാളുകൾ ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ സാമ്പത്തിക മുന്നേറ്റവും ശാക്തീകരണവും ലക്ഷ്യമിട്ട് ഒരുക്കിയിട്ടുള്ള ആജീവിക 'സരസ്' ബ്രാൻഡ് ഉത്പന്ന പ്രദർശന വിഭാഗത്തിലാണ് കുടുംബശ്രീ സന്ദർശകരുടെ മനം കവരുന്നത്.

​കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള കുടുംബശ്രീ സംരംഭകർ തയ്യാറാക്കിയ ഹെർബൽ ഫുഡ് സപ്ലിമെന്റുകൾ, ഡ്രൈ മിക്സ് പൗഡറുകൾ, തനത് സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, വൈവിധ്യമാർന്ന വസ്ത്രങ്ങൾ എന്നിവയാണ് സ്റ്റാളുകളിൽ പ്രധാനമായും പ്രദർശിപ്പിച്ചിരിക്കുന്നത്. ഗ്രാമീണ സംരംഭകത്വത്തിന്റെയും സ്ത്രീശാക്തീകരണത്തിന്റെയും നേർക്കാഴ്ചയായി മാറിയിരിക്കുകയാണ് ഈ പ്രദർശനം.

​കേരളം ഉൾപ്പെടെ രാജ്യത്തെ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകരും സ്വയംസഹായ സംഘങ്ങളും അണിനിരക്കുന്ന 23 സ്റ്റാളുകളാണ് ബോൾഗാട്ടി പാലസിൽ സജ്ജീകരിച്ചിരിക്കുന്നത്. രാജ്യാന്തര തലത്തിലുള്ള ഈ ഉച്ചകോടിയിൽ തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാൻ അവസരം ലഭിച്ചത് ഗ്രാമീണ സംരംഭകരിൽ വലിയ ആത്മവിശ്വാസമാണ് പകരുന്നത്. ഉത്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണി കണ്ടെത്താൻ ഇത് വലിയ രീതിയിൽ തുണയ്ക്കുമെന്നാണ് സംരംഭകരുടെ പ്രതീക്ഷ.

​സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ ബ്രിക്സ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. മേളയിലെ ആജീവിക 'സരസ്' ബ്രാൻഡ് പ്രദർശന വിഭാഗത്തിന്റെ ചുമതല കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനാണ്. പ്രദർശനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ മുഴുവൻ ഏകോപനവും നിർവഹിക്കുന്നത് കുടുംബശ്രീയാണ്. സ്റ്റാളുകളുടെ സുഗമമായ നടത്തിപ്പിനായി കുടുംബശ്രീ ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതലകളും നൽകിയിട്ടുണ്ട്.

​ഇന്ത്യ അധ്യക്ഷത വഹിക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായാണ് കൊച്ചിയിലെ ഈ സമ്മേളനം. ഇതിന്റെ നയതന്ത്ര വികസന അജണ്ടയെ പിന്തുണയ്ക്കുന്നതിനായി രാജ്യത്തെ വിവിധ നഗരങ്ങളിൽ മന്ത്രിതല, വർക്കിങ് ഗ്രൂപ്പ് യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായാണ് കൊച്ചിയിലെ ഈ സമഗ്ര ഉച്ചകോടിയും പ്രദർശനവും.