ഉപഭോക്തൃ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാകുന്നു;മന്ത്രി ജി.ആർ. അനിൽ

കേരളത്തിലെ ഉപഭോക്തൃ വകുപ്പിനെ ശക്തമായ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാക്കി മാറ്റാൻ വിഷൻ 2031 പദ്ധതിയുമായി സർക്കാർ. ഓൺലൈൻ തട്ടിപ്പുകൾ തടയാൻ നിയമപരിഷ്കാരം വരുന്നു.

ഉപഭോക്തൃ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാകുന്നു;മന്ത്രി ജി.ആർ. അനിൽ
ഉപഭോക്തൃ വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാകുന്നു; മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിനെ പരാതി പരിഹാരത്തിനപ്പുറം ശക്തമായ നടപടികൾ സ്വീകരിക്കാൻ അധികാരമുള്ള ഒരു എൻഫോഴ്‌സ്‌മെന്റ് ഏജൻസിയാക്കി മാറ്റാൻ സർക്കാർ ലക്ഷ്യമിടുന്നതായി ഭക്ഷ്യ, പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. വകുപ്പിന്റെ ഭാവി വികസനത്തിനായി വിഭാവനം ചെയ്ത ‘വിഷൻ 2031’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിഷ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ദ്വിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

​ഓൺലൈൻ വ്യാപാര മേഖലയിലെ വർദ്ധിച്ചുവരുന്ന തട്ടിപ്പുകൾ തടയുന്നതിന് നിയമങ്ങൾ പരിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മൾട്ടി ലെവൽ മാർക്കറ്റിംഗ് കമ്പനികളെ നിയന്ത്രിക്കാൻ കേരളം നടപ്പിലാക്കിയ മാതൃകാപരമായ മോണിറ്ററിംഗ് സംവിധാനം കേന്ദ്ര സർക്കാരും മറ്റ് സംസ്ഥാനങ്ങളും പിന്തുടരുകയാണ്.

​പ്രധാന മാറ്റങ്ങളും തീരുമാനങ്ങളും:

​ഇ-ദാഖിൽ സംവിധാനം: പരാതികൾ ഓൺലൈനായി നൽകാനും ഫീസ് അടയ്ക്കാനുമുള്ള 'ഇ-ദാഖിൽ' സൗകര്യം ജനസേവന കേന്ദ്രങ്ങൾ വഴി ഗ്രാമപ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.

​ബോധവൽക്കരണ കോഴ്‌സുകൾ: ഉപഭോക്തൃ നിയമങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ പ്രത്യേക സർട്ടിഫിക്കറ്റ് കോഴ്‌സുകൾ ആരംഭിക്കും.

​പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: ഉപഭോക്തൃ അവബോധം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു.

​നിയമസഹായ കേന്ദ്രങ്ങൾ: എല്ലാ ജില്ലകളിലും സൗജന്യ നിയമസഹായ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ മീഡിയേഷൻ സെല്ലുകളും അദാലത്തുകളും സജീവമാക്കും.

​സ്‌കൂളുകളിലും കോളേജുകളിലും കൺസ്യൂമർ ക്ലബ്ബുകൾ സജീവമാക്കുമെന്നും എൻ.എസ്.എസുമായി (NSS) സഹകരിച്ച് വിപുലമായ പ്രചാരണ പരിപാടികൾ നടത്തുമെന്നും മന്ത്രി അറിയിച്ചു. ചടങ്ങിൽ ഉപഭോക്തൃ ബോധവൽക്കരണ വീഡിയോകളുടെ ഉദ്ഘാടനവും വയനാട് ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ജീവനക്കാരെ അനുമോദിക്കലും നടന്നു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ, വാർഡ് കൗൺസിലർ ജി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.